'വാലിബന്' ശേഷം മറ്റൊരു ബ്ലോക്ബസ്റ്റര്‍, നായകന്‍ ആന്റണി വര്‍ഗീസ്; പുതിയ അപ്‌ഡേറ്റുമായി ഷിബു ബേബി ജോണ്‍

‘മലൈകോട്ടൈ വാലിബന്‍’ തിയേറ്ററുകളില്‍ എത്തുന്നതിന് മുമ്പേ അടുത്ത സിനിമ പ്രഖ്യാപിച്ച് നിര്‍മ്മാതാവ് ഷിബു ബേബി ജോണ്‍. ജനുവരി 25ന് ആണ് മലൈകോട്ടൈ വാലിബന്‍ തിയേറ്ററുകളില്‍ എത്താനൊരുങ്ങുന്നത്. വാലിബന്റെ റിലീസ് തീരുമാനമായതിന് പിന്നാലെയാണ് വമ്പന്‍ പ്രഖ്യാപനവുമായി ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവ് എത്തിയിരിക്കുന്നത്.

ഇത്തവണ ആന്റണി വര്‍ഗീസ് ആണ് നായകന്‍. ചിത്രം പ്രഖ്യാപിച്ചു കൊണ്ടുള്ള ഒരു വീഡിയോയാണ് നിര്‍മ്മാതാവും താരവും പുറത്തുവിട്ടിരിക്കുന്നത്. ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്തുവരും എന്നാണ് കരുതപ്പെടുന്നത്. സെഞ്ച്വറി ഫിലിംസും മാക്‌സ് ലാബും നിര്‍മാണത്തില്‍ പങ്കാളികളാണ്.

ഗോവിന്ദ് വിഷ്ണുവാണ് സംവിധാനം. വിഷ്ണുവും ദീപു രാജീവനും ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നത്. ഏവരും പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രത്തിന്റെ നിര്‍മാതാക്കളുടെ സിനിമയില്‍ അഭിനയിക്കുന്ന സന്തോഷം ആന്റണി വര്‍ഗീസ് പങ്കുവച്ചിട്ടുണ്ട്.

‘അടുത്ത ബ്ലോക്ക്ബസ്റ്ററിനായി തയ്യാറാകൂ! ഈ വര്‍ഷത്തെ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമായ മലൈക്കോട്ടൈ വാലിബന്‍ എന്ന ചിത്രത്തിന് ശേഷം ജോണ്‍ & മേരി ക്രിയേറ്റീവ്സിന്റെ വലിയ പ്രഖ്യാപനത്തിനായി തയ്യാറാകൂ….ആവേശത്തോടെ കാത്തിരിക്കൂ!’ എന്നാണ് താരം കുറിച്ചത്.

Read more

അതേസമയം, ചാവേര്‍ എന്ന ചിത്രമാണ് ആന്റണിയുടേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്തത്. ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ചെറിയ വേഷമാണ് താരം ചെയ്തതെങ്കിലും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ആര്‍ഡിഎക്‌സ് എന്ന സൂപ്പര്‍ ഹിറ്റ് ചിത്രമാണ് താരത്തിന്റേതായി റിലീസ് ചെയ്ത മറ്റൊരു ചിത്രം.