മെര്‍സലിന് ശേഷം വിജയേന്ദ്ര പ്രസാദ് തിരക്കഥ എഴുതുന്നത് രാഘവേന്ദ്ര ലോറന്‍സിന്

ഇന്ത്യന്‍ സിനിമയിലെ മികച്ച തിരക്കഥാകൃത്തുക്കളിലൊരാളാണ് പ്രശസ്ത സംവിധായകന്‍ രാജമൗലിയുടെ പിതാവ് വിജയേന്ദ്ര പ്രസാദ്. ബാഹുബലി, മെര്‍സല്‍ തുടങ്ങി നിരവധി സിനിമകള്‍ക്ക് തിരക്കഥ തയ്യാറാക്കിയ അദ്ദേഹം ഒരു പുതിയ ചിത്രത്തിന്റെ പണിപ്പുരയിലാണ്. മെര്‍സലിനുശേഷം വിജയേന്ദ്ര പ്രസാദ് തിരക്കഥ തയ്യാറാക്കുന്ന ആദ്യ ചിത്രമാണിത്. വിജയ് നായകനായെത്തിയ മെര്‍സല്‍ സാമ്പത്തികമായി വന്‍വിജയമായിരുന്നു.

എസ് എസ് രാജമൗലിയുടെ സഹായിയായിരുന്ന മഹാദേവിന്റെ സംവിധാനത്തിലൊരുങ്ങുന്ന ഈ ചിത്രത്തില്‍ രാഘവ ലോറന്‍സാണ് നായകനായെത്തുന്നത്. ചിത്രത്തിന്റെ വണ്‍ലൈന്‍ കണ്ടപ്പോള്‍ തന്നെ രാഘവ സമ്മതമറിയിച്ചു. നായികയായി കാജല്‍ അഗര്‍വാള്‍ എത്തുന്നതായും സൂചനകളുണ്ട്. നിലവില്‍ മുനിയുടെ നാലാം ഭാഗമായ കാഞ്ചന 3യുടെ ചിത്രീകരണത്തിരക്കുകളിലാണ് രാഘവ. കാഞ്ചനയുടെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയാലുടന്‍ തന്നെ രാഘവ ഈ പുതിയ ചിത്രത്തില്‍ ജോയിന്‍ ചെയ്യും.

ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ കാമിയോ ഫിലിംസ് സിനിമ സംബന്ധിച്ച സ്ഥിരീകരണവുമായി രംഗത്തെത്തിയിട്ടുണ്ട്. ഞങ്ങളുടെ ഏറ്റവും ചെലവേറിയതും നാലാമതുമായ ചിത്രത്തെപ്പറ്റി അനൗണ്‍സ് ചെയ്യാന്‍ പറ്റിയതില്‍ സന്തോഷമുണ്ട്. രണ്ടു ഭാഷകളിലായി നിര്‍മ്മിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് മഹാദേവാണ്. നായകനായി രാഘവ ലോറന്‍സെത്തുന്നു. വിജയേന്ദ്രപ്രസാദ് തിരക്കഥ ചെയ്യുന്ന സിനിമയ്ക്ക് ഡയലോഗ് എഴുതുന്നത് മാധവ് കോര്‍ക്കിയാണ്. കാമിയോ ഫിലിംസ് ട്വീറ്റ് ചെയ്തു.