അവിടെയും തല ഇവിടെയും തല, അപ്പോ എന്താ രണ്ട് തലയോ, ധോണിയുടെ കളി കാണാന്‍ അജിത്തും കുടുംബവും എത്തിയപ്പോള്‍, വൈറല്‍ വീഡിയോ

ഗുഡ് ബാഡ് അഗ്ലിയുടെ വിജയത്തിലൂടെ തമിഴകത്ത് വീണ്ടും തിളങ്ങിനില്‍ക്കുകയാണ് സൂപ്പര്‍താരം അജിത്ത് കുമാര്‍. മാസ് എന്റര്‍ടെയ്‌നര്‍ ചിത്രത്തിന് തമിഴ്‌നാടിന് പുറമെ കേരളത്തിലും മികച്ച പ്രതികരണം ലഭിച്ചിരുന്നു. സിനിമയുടെ വിജയത്തിന്റെ തിളക്കത്തില്‍ നില്‍ക്കുന്ന സമയത്താണ് കഴിഞ്ഞ ദിവസം ഐപിഎല്‍ കാണാന്‍ സൂപ്പര്‍താരം എത്തിയത്. ചെന്നൈ സൂപ്പര്‍ കിങ്‌സ്-സണ്‍റൈസേഴ്‌സ് ഹൈദരാബാദ് മത്സരം കാണാനായിട്ടാണ് കുടുംബത്തിനൊപ്പം അജിത്ത് ചെപ്പോക്ക് സ്റ്റേഡിയത്തില്‍ എത്തിയത്.

ഇതിന്റെ വീഡിയോയും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്. അജിത്തിന് പുറമെ ശിവകാര്‍ത്തികേയനും ഭാര്യക്കൊപ്പം മത്സരം കാണാനെത്തി. വലിയ ആവേശത്തോടെയാണ് അജിത്തിനെ സ്‌റ്റേഡിയത്തിലെ കാണികള്‍ വരവേറ്റത്. ചെപ്പോക്കില്‍ തലയെ കാണാന്‍ കോളിവുഡിന്റെ തല എത്തിയിരിക്കുന്നു എന്നാണ് വീഡിയോയ്ക്ക് താഴെ ആരാധകര്‍ കമന്റിട്ടത്.

റേസിങ് ട്രാക്കുകളില്‍ സജീവമാണെങ്കിലും ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ മത്സരം കാണാന്‍ അജിത് അധികം എത്താറില്ല. അടുത്തിടെയാണ് ദുബായില്‍ നടന്ന കാറോട്ട മത്സരത്തില്‍ സ്വന്തം ടീമിനെ ഇറക്കി അജിത്ത് എത്തിയിരുന്നത്. അന്ന് മൂന്നാം സ്ഥാനത്ത് എത്താന്‍ സൂപ്പര്‍ താരത്തിന് സാധിച്ചിരുന്നു. കാറോട്ട മത്സര സമയത്ത് വലിയ വരവേല്‍പ്പാണ് തമിഴ് സൂപ്പര്‍ താരത്തിന് റേസിങ് ട്രാക്കില്‍ ലഭിച്ചത്.