അജിത്ത് ചിത്രം ‘വിടാമുയര്‍ച്ചി’യുടെ റിലീസ് നീണ്ടു പോവുകയാണ്. ഒക്ടോബറില്‍ റിലീസ് ചെയ്യേണ്ടിയിരുന്ന ചിത്രം അനിശ്ചിത കാലത്തേക്കാണ് നീട്ടി വച്ചിരിക്കുന്നത്. ലൈക പ്രൊഡക്ഷന്‍സിന്റെ നിര്‍മ്മാണത്തില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ സംവിധാനം മഗിഴ് തിരുമേനിയാണ്.
കമല്‍ഹാസന്‍-ശങ്കര്‍ ചിത്രം ‘ഇന്ത്യന്‍ 2’ന്റെ പരാജയമാണ് ലൈക പ്രൊഡക്ഷന്‍സിനെ വിടാമുയര്‍ച്ചിയുടെ റിലീസില്‍ നിന്നും പിന്തിരിപ്പിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. 300 കോടി ബജറ്റില്‍ ഒരുക്കിയ ചിത്രത്തിന്, ബജറ്റിന്റെ നേര്‍പകുതി രൂപ മാത്രമേ കളക്ഷനായി നേടാനായിട്ടുള്ളു. വന്‍ ഹൈപ്പില്‍ തിയേറ്ററിലെത്തിയ ചിത്രം വലിയ പരാജയമായി മാറുകയായിരുന്നു.
ഈ തിരിച്ചടി വിടാമുയര്‍ച്ചി ഉള്‍പ്പടെയുള്ള ലൈകയുടെ അടുത്ത നിര്‍മ്മാണ സംരംഭങ്ങളെ ബാധിച്ചതായാണ് റിപ്പോര്‍ട്ട്. നിലവില്‍ രജനികാന്ത് നായകനാകുന്ന ‘വേട്ടയ്യന്‍’ എന്ന സിനിമയുടെ റിലീസ് പരിപാടികളിലാണ് ലൈക. ഈ സിനിമ തിയേറ്ററുകളില്‍ വലിയ വിജയം നേടുമെന്നാണ് നിര്‍മ്മാണ കമ്പനിയുടെ പ്രതീക്ഷ.
വേട്ടയ്യന്റെ ബോക്‌സ്ഓഫീസ് കളക്ഷന്‍ പരിഗണിച്ച ശേഷം മാത്രമേ വിടമുയാര്‍ച്ചി റിലീസ് തീയതി പ്രഖ്യാപിക്കുകയുള്ളൂ എന്നാണ് സൂചന. അതേസമയം, 2022ല്‍ പുറത്തിറങ്ങിയ അജിത്ത് ചിത്രം ‘വലിമൈ’യ്ക്ക് ശേഷം പ്രഖ്യാപിച്ച ചിത്രമാണ് വിടാമുയര്‍ച്ചി. വിഘ്‌നേശ് ശിവന്‍ സംവിധാനം ചെയ്യാനിരുന്ന ചിത്രമായിരുന്നു ഇത്.
എന്നാല്‍ ആറ് മാസത്തിന് ശേഷം വിഘ്‌നേശ് ശിവനെ സിനിമയില്‍ നിന്നും മാറ്റുകയായിരുന്നു. പിന്നീടാണ് മഗിഴ് തിരുമേനി ചിത്രത്തിലേക്ക് വന്നത്. അസര്‍ബൈജാനിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നത്. ഷൂട്ടിംഗിനിടെ അജിത്തിന് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.