തലനാരിഴയ്ക്കാണ് ഞങ്ങള്‍ രക്ഷപ്പെട്ടത്.. സ്റ്റണ്ട് സീനിനിടെ അപകടം; അജിത്തിന്റെ വീഡിയോ വൈറല്‍

മഗിഴ് തിരുമേനിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ‘വിടാമുയര്‍ച്ചി’ ചിത്രത്തിന്റെ ഷൂട്ടിനിടെ നടന്‍ അജിത്തിന് പരിക്കേറ്റ സംഭവം വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ആയിരുന്നു സിനിമയുടെ യൂറോപ്യന്‍ ഷെഡ്യൂള്‍ പൂര്‍ത്തിയായത്. ചിത്രത്തിലെ ലൊക്കേഷന്‍ വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്.

അജിത്തും സഹതാരമായ ആരവും ഉള്‍പ്പെടുന്ന ചേസിംഗ് രംഗത്തിനിടയില്‍ അപകടം സംഭവിക്കുന്നത്. ഇരുവരും കാറില്‍ സഞ്ചരിക്കവേ അജിത്ത് ഓടിക്കുന്ന വാഹനം നിയന്ത്രണം വിട്ടു മറിയുകയായിരുന്നു. കാര്‍ മറിയുമ്പോള്‍ അജിത് ‘ഈസി ഈസി’ എന്ന് പറയുന്നതും കേള്‍ക്കാം.

‘തലനാരിഴയ്ക്കാണ് ഞങ്ങള്‍ രക്ഷപ്പെട്ടത്. ദൈവത്തിന് നന്ദി’ എന്നാണ് ആരവ് വീഡിയോ പങ്കുവെച്ചുകൊണ്ട് കുറിച്ചത്. കഴിഞ്ഞ വര്‍ഷം നവംബറില്‍ നടന്ന ചിത്രീകരണത്തിനിടെയിലെ വീഡിയോയാണിത്. അജിത്തിന്റെ കരിയറിലെ 62-ാം ചിത്രമാണ് വിടാമുയര്‍ച്ചി.

സഞ്ജയ് ദത്ത്, അര്‍ജുന്‍, അരുണ്‍ വിജയ്, റെജീന കസാഡ്ര, ആരവ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അനിരുദ്ധ് ആണ് സംഗീതം. അജിത്തിന്റെ തുനിവ്, വലിമൈ എന്നീ ഛായാഗ്രഹണം നിര്‍വഹിച്ച നീരവ് ഷാ ആണ് വിടാമുയര്‍ച്ചിയുടെയും ഛായാഗ്രഹണം.