'പാസമില്ലാത്ത പ്രേമമില്ലാത്ത പടം'; തുനിവ് പ്രേക്ഷക പ്രതികരണം

കേരളത്തില്‍ റെക്കോര്‍ഡ് കുറിച്ചാണ് അജിത്ത് ചിത്രം ‘തുനിവ്’ കേരളത്തില്‍ പ്രദര്‍ശനത്തിന് എത്തിയത്. സംസ്ഥാനത്ത് രാത്രി ഒരു മണിക്ക് റിലീസ് ചെയ്യുന്ന ആദ്യ തമിഴ് ചിത്രമെന്ന റെക്കോര്‍ഡ് ആണ് സിനിമ സ്വന്തമാക്കിയത്. വിജയ് ചിത്രം ‘വാരിസി’നൊപ്പം ക്ലാഷ് റിലീസ് ആയാണ് ചിത്രം എത്തിയത്.

അജിത്ത് ആരാധകരെ ആവേശത്തില്‍ എത്തിക്കുന്നതാണ് കേരളത്തിലെ പുലര്‍ച്ചെയുള്ള റിലീസ്. എന്നാല്‍ സിനിമയ്ക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. ”ഫസ്റ്റ് ഹാഫ് ഗംഭീരമാണെങ്കിലും സെക്കന്‍ഡ് ഹാഫ് നിരാശയാണ്”, ”ഫുള്‍ ആക്ഷന്‍ മാത്രം” എന്നിങ്ങനെയാണ് സിനിമയെ കുറിച്ചുള്ള ചില പ്രതികരണങ്ങള്‍.

എന്നാല്‍ അജിത്തിന്റെയും മഞ്ജു വാര്യരുടെയും മാസ് പ്രകടനം പ്രേക്ഷകര്‍ ഏറ്റെടുത്തിട്ടുണ്ട്. ”തലയുടെ വിളയാട്ടം. അജിത്തിന്റെ സ്‌ക്രീന്‍ പ്രെസെന്‍സും, ടൈമിങ്ങുകളും കൊണ്ട് ഒറ്റത്തവണ തീര്‍ച്ചയായും കാണാവുന്നത്. ഫെസ്റ്റിവല്‍ ചിത്രമെന്ന ലേബലിനോട് ഫുള്‍ നീതി. പാസമില്ലാത്ത പ്രേമമില്ലാത്ത ഒരു പടം ആശ്വാസം” എന്നാണ് ഒരു കമന്റ്.

അജിത്തിന്റെ സ്‌ക്രീന്‍ പ്രസന്‍സിനൊപ്പം മഞ്ജുവിന്റെ പ്രകടനവും പ്രേക്ഷകര്‍ ഏറ്റെടുത്തിട്ടുണ്ട്. എച്ച് വിനോത് ആണ് സിനിമ സംവിധാനം ചെയ്തത്. അതേസമയം, കേരളത്തിന്റെ സിനിമാ ചരിത്രത്തില്‍ ആദ്യമായാണ് ഒരു അന്യഭാഷാ താരത്തിന്റെ ചിത്രത്തിന് രാവിലെ ഒരു മണിക്ക് പ്രദര്‍ശനം ആരംഭിക്കുന്നത്.

പാലക്കാട് നഗരത്തില്‍ നാല് തിയേറ്ററുകളിലാണ് രാവിലെ ഒരു മണിക്ക് പ്രദര്‍ശനം നടന്നത്. തൃശ്ശൂര്‍, എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം നഗരങ്ങളിലും വലിയ രീതിയില്‍ തന്നെ ആരാധക പ്രദര്‍ശനങ്ങള്‍ക്ക് നടന്നു.

Read more