സംഭാവന ഒരു ലക്ഷം നല്‍കി, ഇനി കേസ് ഒഴിവാക്കണം..; മുന്‍കൂര്‍ ജാമ്യം തേടി അഖില്‍ മാരാര്‍

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിക്കെതിരായ പ്രചാരണത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി സംവിധായകന്‍ അഖില്‍ മാരാര്‍. കൊല്ലം സിറ്റി സൈബര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ആണ് അഖില്‍ മാരാര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത്.

ദുരിതാശ്വാസനിധിയിലേക്ക് താന്‍ പണം നല്‍കില്ലെന്ന മാരാരുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ആണ് വിവാദമായത്. പണം നല്‍കില്ല പകരം ദുരിതബാധിതര്‍ക്ക് മൂന്ന് വീട് നിര്‍മ്മിച്ചു നല്‍കാം എന്നായിരുന്നു അഖില്‍ മാരാര്‍ കുറിപ്പില്‍ പറഞ്ഞത്. പിന്നാലെയാണ് പൊലീസ് കേസ് എടുത്തത്.

എന്നാല്‍ കേസ് എടുത്തത് രാഷ്ട്രീയ വൈരാഗ്യം മൂലമെന്നും സിഎംഡിആര്‍എഫിനെതിരെ പ്രചാരണം നടത്തിയിട്ടില്ലെന്നും അഖില്‍ മാരാര്‍ ജാമ്യാപേക്ഷയില്‍ പറയുന്നുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാജപ്രചാരണം നടത്തിയ വേറെ നാല് പേര്‍ക്കെതിരെയും പൊലീസ് കേസ് എടുത്തിട്ടുണ്ട്.

മുണ്ടക്കയം സ്വദേശികളായ സതീഷ് ബാബു, ജിഷ, മേലുകാവ് സ്വദേശി റിജില്‍ ചാക്കോ, കളമശേരി വിടാക്കുഴ എന്നിവര്‍ കോട്ടയത്തും കാണിച്ചാട്ട് വീട്ടില്‍ കെഎച്ച് ഷിജു കളമശേരിയിലുമാണ് അറസ്റ്റിലായത്. അതേസമയം, അഖില്‍ മാരാര്‍ ഒരു ലക്ഷം രൂപ ഇപ്പോള്‍ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്തിട്ടുണ്ട്.

ദുരിതാശ്വാസനിധിയെ കുറിച്ചുള്ള തന്റെ ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി പറഞ്ഞാല്‍ സംഭാവന നല്‍കാമെന്ന് അഖില്‍ മാരാര്‍ നേരത്തെ പറഞ്ഞിരുന്നു. ഒരു ലക്ഷം രൂപ സംഭാവന ചെയ്തതിന്റെ സ്‌ക്രീന്‍ ഷോട്ടും ഒരു കുറിപ്പും അഖില്‍ മാരാര്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്.