ബോളിവുഡില്‍ തുടര്‍ച്ചയായി പരാജയങ്ങള്‍ വന്നതോടെ ഭാഷ മാറ്റി പിടിക്കാനൊരുങ്ങി അക്ഷയ് കുമാര്‍. മോഹന്‍ലാല്‍, പ്രഭാസ് എന്നിവര്‍ കാമിയോ റോളിലെത്തുന്ന തെലുങ്ക് ചിത്രത്തില്‍ അക്ഷയ് കുമാറും അതിഥി വേഷത്തിലെത്തും എന്നാണ് റിപ്പോര്‍ട്ടുകള്‍. വിഷ്ണു മഞ്ചു ചിത്രം ‘കണ്ണപ്പ’യിലൂടെയാണ് അക്ഷയ് കുമാര്‍ തെലുങ്കില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നത്.
ഹൈദരാബാദിലായിരിക്കും അക്ഷയ് കുമാറിന്റെ രംഗങ്ങള്‍ ചിത്രീകരിക്കുക. സുപ്രധാനമായ കഥാപാത്രത്തെയാണ് അക്ഷയ് കുമാര്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. സിനിമയുടെ ക്ലൈമാക്‌സിലെ പ്രധാന ഭാഗങ്ങള്‍ ഉള്‍പ്പെടെ നിര്‍ണായക രംഗങ്ങള്‍ ചിത്രീകരിക്കാനൊരുങ്ങുന്ന ഹൈദരാബാദിലെ സെറ്റില്‍ താരം ഉടന്‍ ജോയിന്‍ ചെയ്യും.
View this post on Instagram
അക്ഷയ് കുമാറിനെ സ്വീകരിക്കുന്ന വീഡിയോ വിഷ്ണു മഞ്ചു പങ്കുവച്ചിട്ടുണ്ട്. ഇതിനൊപ്പം ഒരു കുറിപ്പുമുണ്ട്. ”അക്ഷയ് സാറിനൊപ്പമുള്ള ഷൂട്ടിംഗില്‍ ത്രില്ലിംഗ് ആണ്. ചിത്രത്തിന്റെ ക്ലൈമാക്‌സിന്റെ ചിത്രീകരണത്തില്‍ ഞങ്ങള്‍ ഒരുമിച്ചുണ്ട്. ഇത്രയും എക്‌സ്പീരിയന്‍സ്ഡായ ഒരു നടന്‍ ഞങ്ങളൊടൊപ്പം ചേരുന്നതില്‍ വലിയ അഭിമാനം തോന്നുന്നു.”
”അക്ഷയ് സാറിന്റെ വരവോടെ കണ്ണപ്പ പൂര്‍ണമായും ഒരു പാന്‍ ഇന്ത്യന്‍ ചിത്രമായ് മാറും” എന്നാണ് വിഷണു മഞ്ചു പറയുന്നത്. ശിവ രാജ്കുമാര്‍, മോഹന്‍ ബാബു, ശരത് കുമാര്‍, ബ്രഹ്‌മാനന്ദം, വിഷ്ണു മഞ്ജുവിന്റെ അഞ്ച് വയസ്സുള്ള മകന്‍ അവ്റാം മഞ്ജു, പുതുമുഖ താരം പ്രീതി മുകുന്ദന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന താരങ്ങളാകുന്നത്.
ഈ ചിത്രത്തിന്റെ ഛായാഗ്രഹണം പ്രശസ്ത ഹോളിവുഡ് ഛായാഗ്രഹണം ഷെല്‍ഡന്‍ ചൗ, ആക്ഷന്‍ കെച്ച കെംപാക്ക്ഡി, കോറിയോഗ്രഫി പ്രഭുദേവ എന്നിവരാണ് നിര്‍വഹിക്കുന്നത്. കഴിഞ്ഞ വര്‍ഷം ശ്രീകാളഹസ്തീശ്വര ക്ഷേത്രത്തില്‍ വെച്ചാണ് ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.