അക്ഷയ് കുമാറിന്റെ ഭീമമായ പ്രതിഫലത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വളരെക്കാലം മുമ്പ് തന്നെ തുടങ്ങിയതാണ്. പ്രതിവര്‍ഷം 3-4 സിനിമകള്‍ ചെയ്യുന്നത് കൂടാതെ 40 ദിവസത്തില്‍ താഴെ സമയത്തിനുള്ളില്‍ ഷൂട്ടിംഗ് പൂര്‍ത്തിയാക്കുന്ന നടന്‍ എന്ന വിശേഷണവും അദ്ദേഹത്തിനുണ്ട്. ഇക്കാരണങ്ങളാല്‍ അദ്ദേഹം വാങ്ങുന്ന പ്രതിഫലം വന്‍തുകയാണെന്ന പ്രചരണങ്ങള്‍ എല്ലാക്കാലത്തുമുണ്ടായിരുന്നു.
2022 ല്‍ പുറത്തിറങ്ങിയ കട്ട് പുത്‌ലി എന്ന സിനിമയ്ക്കായി 120 കോടി രൂപ അക്ഷയ് പ്രതിഫലമായി കൈപ്പറ്റിയതായി വരെ വാര്‍ത്തകള്‍ പ്രചരിച്ചു. അതേസമയം കിംഗ് ഖാന്‍ ഷാരൂഖ് ചിത്രങ്ങള്‍ക്ക് 35- 40 കോടി രൂപയാണ് പ്രതിഫലമായി ഈടാക്കുകയെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ബോളിവുഡിലെ ഈ രണ്ട് വമ്പന്‍ താരങ്ങളെയും അവരുടെ കരിയര്‍ ട്രാക്കും താരതമ്യപ്പെടുത്തി ഇതിനോടനുബന്ധിച്ച് നിരവധി ചര്‍ച്ചകളാണ് സോഷ്യല്‍മീഡിയയില്‍ ഉയര്‍ന്നത്.
ഇപ്പോഴിതാ അത്തരം പ്രചരണങ്ങള്‍ക്ക് പിന്നിലെ യാഥാര്‍ത്ഥ്യം തുറന്നുപറഞ്ഞിരിക്കുകയാണ് നിര്‍മാതാവും നടനുമായ ജാക്കി ഭഗ്നാനി.
”അഭിനേതാക്കളുടെ പ്രതിഫലം കണക്കാക്കുകയും റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്യുന്നവര്‍ തെറ്റായ പ്രചരണമാണ് നടത്തുന്നത്. ഇന്‍ഡസ്ട്രിയിലെ എല്ലാ മുന്‍നിര നടന്മാര്‍ക്കും ഇപ്പോള്‍ സിനിമകളുടെ ലാഭത്തിലാണ് പങ്ക്.
ജാക്കി ഭഗ്നാനി തുടര്‍ന്നു, ”അവരുടെ മൊത്തത്തിലുള്ള പ്രതിഫലം ബോക്സ് ഓഫീസില്‍ ചിത്രം എത്രമാത്രം സമ്പാദിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും. ഷാരൂഖ് അല്ലെങ്കില്‍ അക്ഷയ് കുമാര്‍ അല്ലെങ്കില്‍ സല്‍മാന്‍ ഖാന്‍ അല്ലെങ്കില്‍ മിക്ക മുന്‍നിര താരങ്ങള്‍ക്കായാലും ഇത് പ്രവര്‍ത്തിക്കുന്നത് ഇങ്ങനെയാണ്. ഒരു നടന്റെ അടിസ്ഥാന ഫീസും മറ്റൊരു നടന്റെ മൊത്തത്തിലുള്ള ലാഭവും താരതമ്യം ചെയ്യുന്നത് ആപ്പിളിനെ ഓറഞ്ചുമായി താരതമ്യപ്പെടുത്തുന്നതിന് തുല്യമാണ്’