'സമാധാനം എന്നതാണ് ഹൈന്ദവന്റെ സത്വം, ധര്‍മ്മപരിപാലനത്തിന് ആയുധം എടുക്കുന്നത് ക്ഷത്രിയ ധര്‍മ്മം'; ഫെയ്‌സ്ബുക്കിലും ഇനി രാമസിംഹന്‍

ഹൈന്ദവ മതം സ്വീകരിച്ച് അലി അക്ബര്‍ എന്ന പേര് രാമസിംഹന്‍ എന്ന് ആക്കിയതിന് പിന്നാലെ സോഷ്യല്‍ മീഡിയയിലും പേര് മാറ്റി സംവിധായകന്‍. രാമസിംഹന്‍ അബൂബക്കര്‍ എന്നാണ് സംവിധായകന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ടിന്റെ പുതിയ പേര്. നിരവധി വിഷയങ്ങളിലുള്ള തന്റെ പ്രതികരണങ്ങളും സംവിധായകന്‍ ഫെയ്‌സ്ബുക്കില്‍ കുറിക്കുന്നുണ്ട്.

‘സമാധാനം എന്നതാണ് ഹൈന്ദവന്റെ സത്വം, ധര്‍മ്മ പരിപാലനത്തിന് ആയുധമെടുക്കുന്നത് ക്ഷത്രിയ ധര്‍മം’ എന്ന പോസ്റ്റിന് താഴെ എത്തിയ കമന്റുകള്‍ക്കും സംവിധായകന്‍ മറുപടി കൊടുക്കുന്നുണ്ട്. ”ജീവിതത്തില്‍ നിനക്ക് വല്ല സമാധാനവും ഉണ്ടോ ആകെ കൂടെ ഒരു അസ്വസ്ഥത ഇല്ലെ അക്ക്ബറെ” എന്നാണ് ഒരു കമന്റ്.

”ആകാശ് സിപി ആകാശിന്നില്ലാത്തത് മറ്റുള്ളവര്‍ക്ക് ഉണ്ടെന്ന് പറയാമോ ?? അന്തം കമ്മീ” എന്നാണ് സംവിധായകന്റെ മറുപടി. അതേസമയം, രാമസിംഹന്‍ എന്ന പേരിനൊപ്പം അബൂബക്കര്‍ എന്ന് ചേര്‍ത്തതിനെതിരെയും വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്.

”അക്ബര്‍ എന്ന ജിഹാദി പേര് പൂര്‍ണ്ണമായും ഒഴിവാക്കാന്‍ തോന്നുന്നില്ലലെ സിംഹാ” എന്ന കമന്റിന് ”നീയല്ലേ മാറ്റൂ മാറ്റൂ എന്നും പറഞ്ഞു കുരു പൊട്ടി ഒലിപ്പിച്ചത്…അനക്കെവിടെന്ന് കിട്ടി ഈ കുഞ്ഞൂട്ടി” എന്നാണ് സംവിധായകന്റെ മറുപടി. ഇദ്ദേഹത്തിന്റെ പുതിയ ചിത്രമായ ‘1921 പുഴ മുതല്‍ പുഴ വരെ’ ചിത്രവും സോഷ്യല്‍ മീഡിയ ചര്‍ച്ചകളിലുണ്ട്.

ചിത്രത്തിന്റെ പോസ്റ്ററില്‍ സംവിധായകന്റെ പേര് രാമസിംഹന്‍ എന്നും നിര്‍മ്മാതാവിന്റെ പേര് അലി അക്ബര്‍ എന്നുമാണ്. ബാങ്കിലെ കാര്യങ്ങള്‍ നടക്കാന്‍ വേണ്ടിയാണ് അലി അക്ബര്‍ എന്ന പേര് ഉപയോഗിക്കുന്നത് എന്നാണ് സംവിധായകന്‍ ഇതിനെ കുറിച്ച് വിശദീകരിച്ചത്. അതേസമയം, 1921 സിനിമ ബോളിവുഡിലും എത്തുമെന്നും സംവിധായകന്‍ ഫെയ്‌സ്ബുക്ക് ലൈവില്‍ പറഞ്ഞിരുന്നു.