പാര്‍വതിയെ നായികയാക്കി ചെയ്യാനിരുന്ന സിനിമാണ് 'മെക് റാണി', ക്വീനിന്റെ ട്രെയിലര്‍ കണ്ടതോടെയാണ് ഉപേക്ഷിച്ചത്.. മോഷ്ടിച്ചതാണ് എന്ന് പറഞ്ഞ് ഡിജോ ഒരിക്കലും ക്രൂശിക്കപ്പെടേണ്ട ആളല്ല: തിരക്കഥാകൃത്ത്

കോപ്പിയടി വിവാദത്തില്‍ പെട്ടിരിക്കുകയാണ് ‘മലയാളി ഫ്രം ഇന്ത്യ’ എന്ന ചിത്രവും സംവിധായകന്‍ ഡിജോ ജോസ് ആന്റണിയും. മലയാളി അടക്കം ഡിജോ സംവിധാനം ചെയ്ത മൂന്ന് സിനിമകളും കോപ്പിയടിയാണെന്ന ചര്‍ച്ചകളാണ് ഉയര്‍ന്നിരിക്കുന്നത്. മലയാളി ഫ്രം ഇന്ത്യയ്‌ക്കെതിരെ തിരക്കഥാകൃത്ത് നിഷാദ് കോയ രംഗത്തെത്തിയതാണ് വിവാദങ്ങള്‍ക്ക് കാരണമായത്. ഡിജോ ആദ്യം ഒരുക്കിയ ‘ക്വീന്‍’ എന്ന ചിത്രം, ‘മെക്ക് റാണി’ എന്ന സിനിമയുടെ കഥ മോഷ്ടിച്ചാണ് എന്നായിരുന്നു ആരോപണങ്ങള്‍. ഈ വിഷയത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് മെക്ക് റാണിയുടെ തിരക്കഥാകൃത്ത് ആഷിഖ് അക്ബര്‍ അലി.

ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സിനോടാണ് താന്‍ പറഞ്ഞ കഥയായിരുന്നു ഇതെന്നും പാര്‍വതി തിരുവോത്തിനെ നായികയാക്കിയാണ് ഇത് ചെയ്യാനിരുന്നത് എന്നുമാണ് ആഷിഖ് പറയുന്നത്. ക്വീനിന്റെ ട്രെയിലര്‍ കണ്ടതോടെയാണ് സിനിമ ഉപേക്ഷിച്ചത്. എന്നാല്‍ ക്വീനിന്റെ കഥ അല്ല തന്റെ കഥയെന്ന് ഉറപ്പുണ്ടെന്നാണ് ആഷിഖ് പറയുന്നത്. എന്നാല്‍ അത് പറഞ്ഞ് ക്രൂശിക്കേണ്ട ആളല്ല ഡിജോയെന്നും നല്ലൊരു ടെക്‌നീഷ്യനാണ് എന്നാണ് ആഷിഖ് ഒരു സിനിമാ ഗ്രൂപ്പില്‍ കുറിച്ചിരിക്കുന്നത്.

ആഷിഖിന്റെ കുറിപ്പ് വായിക്കാം

പലരും എന്നെ നിഷാദ് കോയ ഡിജോ ജോസ് ആന്റണി റിലേറ്റഡ് പോസ്റ്റുകള്‍ക്ക് താഴെ ടാഗ് ചെയ്യുന്നത് കൊണ്ടാണ് ഇങ്ങനെ ഒരു വിശദീകരണം. മെക്ക് റാണി എന്നെ സംബന്ധിച്ച് വളരെ പേഴ്‌സണല്‍ ആയിട്ടുള്ളൊരു കഥയായിരുന്നു. ഞാനും മെക്കാനിക്കല്‍ എഞ്ചിനീയറിംഗായിരുന്നു പഠിച്ചത്. ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സിനോടാണ് ആദ്യം ആ കഥ പറയുന്നത്. മരിച്ചുപോയ പിവി ഗംഗാധരന്‍ സാറിനോടും അവരുടെ മൂന്ന് പെണ്‍ മക്കളോടും ഞാന്‍ കഥ പറഞ്ഞു. അവര് കഥ കേട്ട് ചെയ്യാം എന്ന് പറഞ്ഞു. അന്ന് നായികാ കഥാപാത്രം ചെയ്യാന്‍ വേണ്ടി ജയറാമേട്ടന്റെ മകള്‍ മാളവികയെ അവര് ബന്ധപെട്ടിരുന്നു. മാളവിക ലണ്ടനില്‍ പഠിക്കുന്ന സമയമായിരുന്നു അത്. പിന്നീട് പാര്‍വതി തിരുവോത്തിനോട് സംസാരിക്കാം എന്ന് പറഞ്ഞ് നില്‍ക്കുമ്പോഴാണ് ക്വീന്‍ സിനിമയുടെ ട്രെയിലര്‍ വരുന്നത്.

സ്വാഭാവികമായും നമ്മുടെ ചിത്രം വേണ്ടെന്ന് വച്ചു. ഒരുപാട് കാലം എനിക്ക് മനപ്രയാസം ഉണ്ടായി എന്നത് സത്യമാണ്. ക്വീന്‍ ഞാന്‍ ഈ നിമിഷം വരെ കണ്ടിട്ടില്ല. പക്ഷേ ക്വീനിന്റെ കഥ അല്ല എന്റെ കഥ എന്നെനിക്ക് ഉറപ്പുണ്ട്. നമ്മുടെ കഥ കോര്‍ട്ട് റൂം ഒന്നും ആയിരുന്നില്ല. നായിക ക്യാന്‍സര്‍ പേഷ്യന്റ് ആണെന്ന് ഒഴിച്ചാല്‍ കുറച്ച് സീനുകളും പശ്ചാത്തലവും മാത്രമായിരുന്നു സിമിലര്‍. ഒരുപക്ഷേ ഇതേ കഥ വേറെയും ഒരുപാട് പേര്‍ ആ സമയത്ത് ആലോചിച്ച് കാണണം. ചങ്ക്സ് ഒരു ഉദാഹരണം അല്ലേ. അതുകൊണ്ട് എന്റെ കഥ മോഷ്ടിച്ചു എന്നെനിക്ക് എവിടെയും പറയാന്‍ കഴിയില്ല. ഞാന്‍ മറ്റൊരു കഥ പ്രൂവ് ചെയ്ത് മുന്നോട്ട് വരിക എന്ന് മാത്രേയുള്ളു. സമാനമായ ഒരനുഭവം ഈയടുത്ത് എനിക്ക് വേറെയും ഉണ്ടായിട്ടുണ്ട്. യോഗി ബാബുവിന്റെ അടുത്ത് രണ്ട് വര്‍ഷം മുന്‍പ് ഞങ്ങള്‍ കൂര്‍ക്കം വലി ബേസ് ചെയ്ത് ഒരു കഥ പറഞ്ഞു. അദ്ദേഹം ചെയ്യാം എന്ന് പറഞ്ഞ് അതിന്റെ കാര്യങ്ങള്‍ പുരോഗമിക്കുമ്പോഴാണ് ഗുഡ് നൈറ്റ് എന്നൊരു ചിത്രം വന്നത്. എന്റെ ഒരു ഗതികേട് എന്നാണ് എനിക്ക് ആദ്യം തോന്നിയത്.

ആ കഥയും ഇതേപോലെ മറ്റ് പലര്‍ക്കും ചിന്തിക്കാവുന്ന ത്രെഡ് ആയത് കൊണ്ട് മിണ്ടാതിരുന്നു, അതില്‍ വളരെയേറെ സാമ്യതകള്‍ ഉണ്ടായിരുന്നു. സിനിമ ചിലപ്പോഴൊക്കെ ഇങ്ങനെയാണ്. പ്രൂവ് ചെയ്യുന്നത് വരെ നമ്മള്‍ ഇതൊക്കെ ഫേസ് ചെയ്യേണ്ടി വരും. ചിലപ്പോള്‍ കടുത്ത മനപ്രയാസം നമ്മള്‍ നേരിടും. ‘മെക് റാണി’ ഒക്കെ നമുക്ക് ലൈഫ് ടൈം വണ്‍സ് ചെയ്യാന്‍ പറ്റുന്ന ഒരു കഥയായിരുന്നു. മെയിന്‍ സ്ട്രീം ആര്‍ട്ടിസ്ട് പോലും വേണ്ട ആ കഥയ്ക്ക്. അത് സംഭവിച്ചു കഴിഞ്ഞു. അതിലൂടെ പുതിയ താരങ്ങളും സംവിധായകനും പിറന്നു. ഡിജോയോട് എനിക്ക് ആ സമയത്ത് ഈ വിഷയത്തില്‍ ഒരു നീരസം ഉണ്ടായിരുന്നു. പിന്നീട് ഈയടുത്ത് ഞങള്‍ ലാലേട്ടന്‍- ലിസ്റ്റിന്‍ പ്രോജക്ടുമായി ഇരിക്കുന്ന സമയത്ത് ഞാന്‍ ഇതെല്ലാം പറഞ്ഞു. എനിക്ക് പേഴ്‌സണലി ഇപ്പോള്‍ ഡിജോയെ പരിചയമുണ്ട്.

ഒരാള്‍ എതത്തോളം ശരിയാണ് എന്ന് നമുക്ക് ഇടപെടലിലൂടെ മനസ്സിലാവുമല്ലോ. ക്യൂന്‍ മോഷ്ടിച്ചതാണ് എന്ന് പറഞ്ഞ് ഡിജോ ഒരിക്കലും ക്രൂശിക്കപ്പെടേണ്ട ആളല്ല എന്ന് മാത്രം പറയാം. അദ്ദേഹം ഒരു നല്ല ടെക്‌നീഷ്യന്‍ ആണ്. എഴുത്തുകാരെ സംബന്ധിച്ച് കഥ മോഷ്ടിക്കുമ്പോള്‍ വല്യ പ്രയാസമാണ്. നമ്മള്‍ അതെഴുതിയ സമയത്ത് അനുഭവിച്ച സ്ട്രഗിള്‍, പട്ടിണി ഒന്നും ആരും എവിടെയും നികത്തില്ല. എല്ലാവരും എത്തിക്‌സ് ഉള്ളവരാവണം എന്ന് പറഞ്ഞ് വാശിപിടിക്കാനും പറ്റില്ല. ഞാനടക്കം ഒരുപാട് പേര്‍ പുതിയ ആശയം ചെയ്യാനുള്ള ശ്രമത്തിലും എക്‌സൈറ്റ്‌മെന്റിലുമാണ് മുന്നോട്ട് പോവുന്നത്. ഞങ്ങള്‍ക്ക് ഫൈറ്റ് ചെയ്യാനുള്ള ഹോള്‍ഡോ പണമോ ഒന്നും കാണില്ല അതുകൊണ്ട്. (ഗൃഹലക്ഷ്മിയോട് പറഞ്ഞപ്പോള്‍ ടോം ഇമ്മട്ടി ആയിരുന്നില്ല സംവിധായകന്‍).

Read more