'നഗ്നചിത്രങ്ങൾ രഞ്ജിത്ത് രേവതിക്ക് അയച്ചുകൊടുത്തു'; വെളിപ്പെടുത്തലുമായി യുവാവ്

ഇന്നലെയാണ് സംവിധായകൻ രഞ്ജിത്തിനെതിരെ ലൈംഗികാരോപണ പരാതിയുമായി യുവാവ് രംഗത്തെത്തിയത്. 2012-ൽ ബംഗളൂരുവിലെ ഹോട്ടൽ മുറിയിൽ വെച്ച് സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് രഞ്ജിത്ത് ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് യുവാവ് പരാതിയിൽ പറയുന്നത്.

തന്നെ വിവസ്ത്രനാക്കിയ ശേഷം തന്റെ നഗ്നചിത്രങ്ങൾ രഞ്ജിത്ത് എടുത്തുവെന്നും, ഇത് കാമുകിക്ക് അയച്ചുകൊടുക്കുമെന്നും രഞ്ജിത്ത് പറഞ്ഞിരുന്നുവെന്ന് യുവാവ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. താൻ റൂമിൽ എത്തിയപ്പോൾ രഞ്ജിത്ത് ഒരു നടിയുമായി സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു എന്നും തന്റെ ഫോട്ടോ എടുത്തിട്ട് ആർക്കാണ് അയക്കുന്നത് എന്ന് ചോദിച്ചപ്പോൾ നടി രേവതിക്കാണ്, രേവതിക്ക് നിന്നെ ഇഷ്ടമായി എന്ന് പറഞ്ഞെന്നും യുവാവ് വെളിപ്പെടുത്തുന്നു. എന്നാൽ യുവാവിന്റെ വെളിപ്പെടുത്തലിൽ രേവതി പ്രതികരണമൊന്നും അറിയിച്ചിട്ടില്ല.

“സംവിധായകൻ രഞ്ജിത്ത് അദ്ദേഹത്തിന്റെ റൂമിൽ ചെന്ന എന്നോട് നഗ്നനായി നിൽക്കാൻ പറഞ്ഞ സമയത്ത് അദ്ദേഹം ഒരു നടിയുമായി സംസാരിച്ചുകൊണ്ട് നിൽക്കുകയായിരുന്നു. ആ നടിയുടെ പേര് ഞാൻ വെളിപ്പെടുത്തിയിട്ടുണ്ട്, അത് രേവതി ആണ്. നടി രേവതി ആണ് അത് എന്നാണ് രഞ്ജിത്ത് എന്നോട് പറഞ്ഞത്. രേവതിയും രഞ്ജിത്തും തമ്മിൽ ബന്ധമുണ്ടോ ഇല്ലയോ എന്നൊന്നും എനിക്ക് അറിയില്ല. രഞ്ജിത്ത് എന്റെ ഫോട്ടോ എടുത്തിട്ട് അവർക്ക് അയച്ചുകൊടുത്തു.” യുവാവ് പറയുന്നു.

Read more

തനിക്ക് സിനിമയിൽ വേഷം തരാമെന്ന് രഞ്ജിത്ത് പറഞ്ഞെങ്കിലും കുറ്റം ആരോപിക്കപ്പെട്ടതിന് ശേഷം രഞ്ജിത്ത് തന്നെ ഒഴിവാക്കുകയായിരുന്നു. ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്ത് വന്നതിന് ശേഷം മലയാള സിനിമയിൽ മീ ടൂ ആരോപണങ്ങൾ ശക്തമായതിന് ശേഷം ഇതാദ്യമായാണ് ഒരു യുവാവ്  ലൈംഗികാതിക്രമ പരാതിയുമായി രംഗത്ത് വരുന്നത്. സഹപ്രവർത്തകരായ സ്ത്രീകളിൽ നിന്ന് മോശം പെരുമാറ്റ/ലൈംഗിക പീഡന പരാതികൾ ഉയർന്ന മലയാള സിനിമാ വ്യവസായത്തിലെ നിരവധി പ്രമുഖരിൽ ഒരാളാണ് രഞ്ജിത്ത്.