ബേസില്‍ അല്ലു അര്‍ജുനെ കണ്ട് പഠിക്കണം..; എയറിലാകാതെ അല്ലുവിന്റെ മൂവ്, വീഡിയോ

ഹസ്തദാനം ചെയ്യാന്‍ പോയി എയറിലായതിന് പിന്നാലെ ‘ബേസില്‍ യൂണിവേഴ്‌സ്’ എന്ന പ്രയോഗം തന്നെ മലയാള സിനിമയില്‍ എത്തിയിട്ടുണ്ട്. സൂപ്പര്‍ ലീഗ് കേരള ഫുട്‌ബോള്‍ മത്സരത്തിന്റെ സമ്മാനദാന ചടങ്ങിനിടെ ആയിരുന്നു ബേസിലിന് അബദ്ധം പറ്റിയത്. ഒരു കളിക്കാരന് നേരെ കൈ നീട്ടിയപ്പോള്‍, ബേസിലിനെ ശ്രദ്ധിക്കാതെ പൃഥ്വിരാജിന് ഹസ്തദാനം നല്‍കി പോവുകയായിരുന്നു.

പിന്നാലെ ഹസ്തദാനത്തിന്റെ പേരില്‍ സുരാജ് വെഞ്ഞാറമൂട്, മമ്മൂട്ടി എന്നിവരും ബേസില്‍ യൂണിവേഴ്‌സില്‍ എത്തി. എന്നാല്‍ ബേസില്‍ അടക്കമുള്ള താരങ്ങള്‍ അല്ലു അര്‍ജുനെ കണ്ട് പഠിക്കണം എന്നാണ് സോഷ്യല്‍ മീഡിയ ഇപ്പോള്‍ പറയുന്നത്. ഹസ്തദാനം നടത്താന്‍ കൈ നീട്ടി അബദ്ധം സംഭവിച്ച നിമിഷത്തെ എങ്ങനെ സമയോചിതമായി നേരിടാമെന്ന് തെളിയിക്കുന്ന അല്ലുവിന്റെ വീഡിയോയാണ് വൈറലായിരിക്കുന്നത്.

‘പുഷ്പ 2’ സിനിമയുടെ വിജയാഘോഷ വേളയിലാണ് പെണ്‍കുട്ടിയെ വേദിയിലേക്ക് സ്വീകരിക്കുന്നതിനായി അല്ലു അര്‍ജുന്‍ കൈ നീട്ടിയത്. എന്നാല്‍ പെണ്‍കുട്ടി അത് കാണാതെ വേദിയിലേക്ക് കയറി. താന്‍ കൈ നീട്ടിയത് പെണ്‍കുട്ടി കണ്ടില്ലെന്ന് അറിഞ്ഞ അല്ലു അര്‍ജുന്‍ ക്ഷമയോടെ കുറച്ച് നേരം കാത്തുനിന്നു. അപ്പോഴാണ് പെണ്‍കുട്ടിയിക്കും ഇക്കാര്യം ശ്രദ്ധിക്കുന്നത്.

ഉടന്‍ തന്നെ സന്തോഷത്തോടെ പെണ്‍കുട്ടി ആ ഹസ്തദാനം സ്വീകരിക്കുകയായിരുന്നു. വീഡിയോ വൈറലായതോടെ മലയാളികളും പ്രതികരണവുമായി എത്തിയിട്ടുണ്ട്. ബേസില്‍ ജോസഫും ടൊവിനോയുമൊക്കെ അല്ലു അര്‍ജുനെ കണ്ട് പഠിക്കണമെന്നും താരത്തിന് ക്ഷമ വളരെ കൂടുതലാണ് എന്നൊക്കെയുള്ള കമന്റുകളാണ് എത്തിക്കൊണ്ടിരിക്കുന്നത്.