വീടിന് നേരെ ആക്രമണം ഉണ്ടായതോടെ ജൂബിലി ഹില്‍സിലെ വീട് വിട്ട് അല്ലു അര്‍ജുന്റെ കുടുംബം. ആക്രമണം നടക്കുമ്പോള്‍ നടന്‍ വീട്ടിലുണ്ടായിരുന്നില്ല. ആക്രമണം നടന്ന് മണിക്കൂറുകള്‍ക്ക് ശേഷം സ്നേഹവും മക്കളും വീട്ടില്‍ നിന്ന് ഇറങ്ങി കാറില്‍ കയറി പോവുകയായിരുന്നു. അല്ലുവിന്റെ വീട്ടില്‍ നിന്ന് കുട്ടികളുമായി കാറ് പോകുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഇടംപിടിച്ചിട്ടുണ്ട്.
സംഭവത്തില്‍ പ്രതികരണവുമായി നടന്റെ അച്ഛന്‍ അല്ലു അരവിന്ദ് എത്തി. ”ഇന്ന് ഞങ്ങളുടെ വീട്ടില്‍ നടന്നത് എന്താണ് എന്ന് എല്ലാവരും കണ്ടു. ഇതിനെ കുറിച്ച് പ്രതികരിക്കേണ്ട സമയമാണ് ഇതെന്ന് ഞാന്‍ കരുതുന്നില്ല. പൊലീസ് അക്രമം നടത്തിയവരെ അറസ്റ്റ് ചെയ്യുകയും കേസ് എടുക്കുകയും ചെയ്തിട്ടുണ്ട്.”
”വീടിന് നേരെ പ്രശ്നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ പൊലീസ് ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്. ഇത്തരം ആക്രമണങ്ങളെ ആരും പ്രോത്സാഹിപ്പിക്കരുത്” എന്നാണ് അല്ലു അരവിന്ദ് പറഞ്ഞത്. അതേസമയം, ഇന്നലെയാണ് നടന്റെ വീടിന് നേരെ ആക്രമണമുണ്ടായത്. പുഷ്പ 2 റിലീസ് ദിനത്തില്‍ തിരക്കില്‍പ്പെട്ട് മരിച്ച രേവതിക്ക് നീതി ആവശ്യപ്പെട്ടാണ് ഒരു സംഘം വീട് ആക്രമിച്ചത്.
ഉസ്മാനിയ സര്‍വകലാശാലയിലെ സമര സമിതിയാണ് പ്രതിഷേധത്തിന് നേതൃത്വം നല്‍കിയത്. ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ഗേറ്റ് ചാടിക്കടന്ന സംഘം വീടിന് നേരെ കല്ലും തക്കാളികളും എറിഞ്ഞു. ചെടിച്ചട്ടികള്‍ തല്ലിപ്പൊളിച്ചു. സുരക്ഷാ ജീവനക്കാരെ കയ്യേറ്റം ചെയ്തു. പത്തോളം പേരാണ് വീട് അതിക്രമിച്ചു കയറിയത്. സംഭവത്തില്‍ എട്ട് പേര്‍ അറസ്റ്റിലായിട്ടുണ്ട്.