‘പുഷ്പ 2’ സിനിമയുടെ റിലീസിനിടെ തിയേറ്ററിലുണ്ടായ തിക്കിലും തിരക്കിലുംപെട്ട് പരുക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന ശ്രീതേജ എന്ന ഒന്‍പത് വയസ്സുകാരനെ കാണാനെത്തി അല്ലു അര്‍ജുന്‍. ഹൈദരാബാദിലെ ബീഗംപേട്ടിലുള്ള കിംസ് ആശുപത്രിയില്‍ എത്തിയാണ് അല്ലു അര്‍ജുന്‍ കുട്ടിയെ കണ്ടത്. തെലങ്കാന സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ദില്‍ രാജുവും താരത്തിനൊപ്പം ഉണ്ടായിരുന്നു.
സന്ദര്‍ശനം രഹസ്യമാക്കണമെന്ന് നേരത്തേ പൊലീസ് നടന് നിര്‍ദേശം നല്‍കിയിരുന്നു. ആശുപത്രി പരിസരത്തെ സുരക്ഷാ ക്രമീകരണങ്ങള്‍ മുന്‍നിര്‍ത്തി നോട്ടീസ് അയക്കുകയും ചെയ്തു. നേരത്തേ അല്ലു അര്‍ജുന്‍ കുട്ടിയെ സന്ദര്‍ശിക്കാത്തത് ചര്‍ച്ചയായ പശ്ചാത്തലത്തില്‍ വിശദീകരണവുമായി പിതാവ് രംഗത്തെത്തിയിരുന്നു.
അപകടം നടന്നതിന്റെ തൊട്ടടുത്ത ദിവസം തന്നെ അല്ലുവിന് ചികിത്സയിലുള്ള കുട്ടിയെ സന്ദര്‍ശിക്കണമെന്നുണ്ടായിരുന്നുവെന്നും എന്നാല്‍ ആശുപത്രി അധികൃതരുടെ നിര്‍ദേശ പ്രകാരം അത് ഒഴിവാക്കുകയായിരുന്നു എന്നുമാണ് നടന്റെ പിതാവ് പറഞ്ഞത്. ശ്രീതേജയുടെ കുടുംബത്തിന് അല്ലു അര്‍ജുന്‍ ഒരു കോടി രൂപ സഹായം നല്‍കിയിരുന്നു. നിര്‍മാതാക്കള്‍ 20 ലക്ഷം രൂപയും നല്‍കി.
ഇക്കഴിഞ്ഞ ഡിസംബര്‍ നാലിനായിരുന്നു തെലുങ്ക് സിനിമാലോകത്തെ ആകെ ഞെട്ടിച്ച തിയേറ്റര്‍ ദുരന്തം നടന്നത്. യുവതി മരിച്ച സംഭവത്തില്‍ അല്ലു അര്‍ജുനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഒരു രാത്രി മുഴുവന്‍ അല്ലു ജയിലില്‍ കഴിഞ്ഞു. പിന്നീട് തെലങ്കാന ഹൈക്കോടതി താരത്തിന് നാലാഴ്ച ജാമ്യം നല്‍കി.