ഷാജി കൈലാസ് – മോഹന്‍ലാല്‍ കൂട്ടുകെട്ടിലെത്തുന്ന പുതിയ ചിത്രമാണ് എലോണ്‍. വലിയ ഇടവേളക്ക് ശേഷമാണ് ഷാജി കൈലാസ് ചിത്രത്തില്‍ മോഹന്‍ലാല്‍ നായകനായി അഭിനയിക്കുന്നത്. അതുകൊണ്ടു തന്നെ ആരാധകര്‍ വലിയ പ്രതീക്ഷയോടെയാണ് ചിത്രത്തെ കാത്തിരിക്കുന്നത്. ഇപ്പോഴിതാ സിനിമയുടെ ഒരു ടീസര്‍ കൂടി പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.
കയോസ് സിദ്ധാന്തത്തില്‍ പറയുന്ന ബട്ടര്‍ഫ്ലൈ എഫക്റ്റിനെ കുറിച്ചാണ് ടീസറില്‍ മോഹന്‍ലാലിന്റെ കഥാപാത്രം പറയുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് എലോണിന്റെ നിര്‍മ്മാണം.
ആശിര്‍വാദിന്റെ 30-ാം ചിത്രമാണിത്. 2000ല്‍ എത്തിയ ‘നരസിംഹ’മായിരുന്നു ആശിര്‍വാദ് സിനിമാസിന്റെ ആദ്യ ചിത്രം. അവസാനമായി മോഹന്‍ലാലും ഷാജി കൈലാസും ഒരുമിച്ചത് 2009ല്‍ ആയിരുന്നു. റെഡ് ചില്ലീസ് എന്ന ചിത്രമായിരുന്നു അത്.
രാജേഷ് ജയരാമനാണ് എലോണിന്റെ തിരക്കഥ ഒരുക്കുന്നത്. ചിത്രം ജനുവരി 26ന് തിയറ്ററില്‍ എത്തും.