ഗോള്‍ഡ് റിലീസ് വെളിപ്പെടുത്തി ബാബുരാജ്, അല്‍ഫോണ്‍സ് പറയാതെ വിശ്വസിക്കില്ലെന്ന് ആരാധകര്‍

അല്‍ഫോന്‍സ് പുത്രന്‍ ചിത്രം ഗോള്‍ഡ് ഡിസംബര്‍ റിലീസ് ചെയ്യുന്നുവെന്ന് അറിയിച്ച് നടന്‍ ബാബുരാജ്. ”ഗോള്‍ഡ്…കാത്തിരിക്കുന്നു. പെര്‍ഫെക്ഷനു വേണ്ടി എത്ര നാളുകള്‍. അത് പൂര്‍ത്തിയായിരിക്കുന്നു. അല്‍ഫോന്‍സ് പുത്രനും ടീമിനും അഭിനന്ദനങ്ങള്‍. ഡിസംബര്‍ റിലീസ്.”-ഗോള്‍ഡ് സിനിമയുടെ ലൊക്കേഷനില്‍ നിന്നും പൃഥ്വിക്കൊപ്പമുളള ചിത്രം പങ്കുവച്ച് ബാബുരാജ് കുറിച്ചു.

‘പ്രേമം’ സിനിമയ്ക്കു ശേഷം അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഗോള്‍ഡ്’. മാര്‍ച്ചിലാണ് സിനിമയുടെ ആദ്യ ടീസര്‍ പുറത്തിറങ്ങുന്നത്. ഈ ഓണത്തിന് ചിത്രം തിയറ്ററുകളിലെത്തുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും ഓരോ കാരണങ്ങളാല്‍ റിലീസ് നീട്ടുകയായിരുന്നു.

ബാബുരാജിന്റെ റിലീസിനെക്കുറിച്ചുള്ള പോസ്റ്റിനു താഴെയും രസകരമായ കമന്റുകളാണ് വരുന്നത്. ബാബുരാജേട്ടനെ വിശ്വാസമാണെങ്കിലും അല്‍ഫോന്‍സ് പുത്രന്റെ ഉറപ്പു കിട്ടാതെ ഇക്കാര്യം വിശ്വസിക്കില്ലെന്നാണ് ഭൂരിഭാഗം പേരും കമന്റ് ചെയ്യുന്നത്.

പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്, മാജിക് ഫ്രയിംസ് എന്നിവരാണ് നിര്‍മാതാക്കള്‍. നേരം, പ്രേമം എന്നീ ഹിറ്റുകള്‍ക്ക് ശേഷം അല്‍ഫോണ്‍സ് ഒരുക്കുന്ന മൂന്നാമത്തെ ചിത്രം കൂടിയാണിത്.

അജ്മല്‍ അമീര്‍, ലാലു അലക്‌സ്, ഷമ്മി തിലകന്‍, മല്ലിക സുകുമാരന്‍, ശാന്തി കൃഷ്ണ, ബാബുരാജ്, വിനയ് ഫോര്‍ട്ട്, ചെമ്പന്‍ വിനോദ് ജോസ്, ജാഫര്‍ ഇടുക്കി, റോഷന്‍ മാത്യു, ജഗദീഷ്, സൈജു കുറുപ്പ്, ദീപ്തി സതി തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ ഒരുമിക്കുന്നുണ്ട്. സംവിധാനത്തിന് പുറമെ സിനിമയുടെ എഡിറ്റിങ്ങും സ്റ്റണ്ടും വിഷ്വല്‍ ഇഫക്റ്റ്‌സും ആനിമേഷനും കളര്‍ ഗ്രേഡിങ്ങുമൊക്കെ അല്‍ഫോന്‍സ് തന്നെയാണ് നിര്‍വഹിക്കുന്നത്.

Read more