പ്രേമത്തിന് ശേഷം പുതിയ സിനിമ പ്രഖ്യാപിച്ച് അല്‍ഫോന്‍സ് പുത്രന്‍. ഫഹദ് ഫാസിലിനെ നായകനാക്കി “പാട്ട്” എന്ന സിനിമയാണ് അല്‍ഫോന്‍സ് പുത്രന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. യു ജി എം എന്റര്‍ടെയിന്‍മെന്റ്‌സിന്റെ ബാനറില്‍ സക്കറിയ തോമസും ആല്‍വിന്‍ ആന്റണിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നതെന്നും അല്‍ഫോന്‍സ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
ചിത്രത്തിന് സംഗീതവും അല്‍ഫോണ്‍സ് തന്നെ ഒരുക്കും. മറ്റു വിവരങ്ങള്‍ പിന്നീട് പുറത്തുവിടും. അഞ്ചുവര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് അല്‍ഫോന്‍സ് പുതിയ ചിത്രം ഒരുക്കാന്‍ ഒരുങ്ങുന്നത്. നേരം, പ്രേമം എന്നിങ്ങനെ രണ്ട് സൂപ്പര്‍ ഹിറ്റുകള്‍ ഒരുക്കിയ സംവിധായകനാണ് അല്‍ഫോന്‍സ് പുത്രന്‍.
https://www.facebook.com/alphonseputhren/posts/10159070774622625
പ്രേമം തെന്നിന്ത്യന്‍ ഭാഷകളിലും റീമേക്ക് ചെയ്തിരുന്നു. ഹിന്ദി റീമേക്ക് ഒരുക്കാനുള്ള ഓഫറും വന്നിരുന്നു എന്നാല്‍ താനത് നിരസിച്ചു എന്നാണ് അല്‍ഫോന്‍സ് പുത്രന്‍ ഒരു അഭിമുഖത്തിനിടെ വ്യക്തമാക്കിയത്. വരുണ്‍ ധവാനെ നായകനാക്കി പ്രേമം താന്‍ തന്നെ സംവിധാനം ചെയ്യണമെന്നാണ് സംവിധായകനും നിര്‍മ്മാതാവുമായ കരണ്‍ ജോഹര്‍ ആവശ്യപ്പെട്ടത്.
എന്നാല്‍ ഹിന്ദിയില്‍ ആ ചിത്രം എഴുതി സംവിധാനം ചെയ്യുമ്പോഴുള്ള ഏറ്റവും വലിയ വെല്ലുവിളിയാണ് അത്. പ്രണയം മാത്രമല്ല ചിത്രത്തിന്റെ വിഷയം, ഒരു പ്രത്യേക സംസ്‌കാരത്തില്‍ ജനിച്ചു വളര്‍ന്ന ഒരാള്‍ക്ക് തോന്നുന്ന വികാരം കൂടി അതിലുണ്ട്. കരണ്‍ ജോഹര്‍ ചിത്രത്തിന്റെ റീമേക് അവകാശം വാങ്ങിയിട്ടുണ്ടെന്നും ആരാണ് അത് സംവിധാനം ചെയ്യുന്നതെന്നു തനിക്കറിയില്ലായെന്നും അല്‍ഫോന്‍സ് പുത്രന്‍ വ്യക്തമാക്കി.