അല്‍ഫോണ്‍സ് പുത്രന്റെ 'ഗോള്‍ഡ്' എങ്ങനെ? പ്രേക്ഷക പ്രതികരണം

അല്‍ഫോണ്‍സ് പുത്രന്റെ ‘ഗോള്‍ഡ്’ സിനിമയ്ക്കായി ഏറെ പ്രതീക്ഷയോടെ ആയിരുന്നു പ്രേക്ഷകര്‍ കാത്തിരുന്നത്. ഏഴ് വര്‍ഷത്തിന് ശേഷം എത്തുന്ന അല്‍ഫോണ്‍സ് സിനിമ ആയതിനാലാും പൃഥ്വിരാജും നയന്‍താരയും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നു എന്നതിനാലും ഏറെ ഹൈപ്പ് കിട്ടിയ സിനിമയാണിത്. പലതവണ റിലീസ് മാറ്റിവെച്ച ചിത്രം വേള്‍ഡ് വൈഡായി 1300 കളിലധികം സ്‌ക്രീനുകളിലാണ് പ്രദര്‍ശനത്തിനെത്തിയത്.

എന്നാല്‍ ഗോള്‍ഡ് നിരാശപ്പെടുത്തി എന്നാണ് സോഷ്യല്‍ മീഡിയയില്‍ എത്തുന്ന ആദ്യ പ്രതികരണങ്ങള്‍. സമ്മിശ്ര പ്രതികരണങ്ങളാണ് സിനിമയ്ക്ക് ഇപ്പോള്‍ ലഭിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ സിനിമയെ കുറിച്ച് എത്തിയ ചില പ്രതികരണങ്ങളാണ് ശ്രദ്ധ നേടുന്നത്. സിനിമയെ കുറിച്ച് ഒരാള്‍ എഴുതിയിരിക്കുന്നത്, ”ഗോള്‍ഡ് അല്ല മുക്കുപണ്ടം” എന്നാണ്. അല്‍ഫോണ്‍സ് പുത്രന്റെ ചിത്രം പങ്കുവച്ച് ഇങ്ങേരുടെ ഓവര്‍ കോണ്‍ഫിഡന്‍സ് എന്നും കുറിച്ചിട്ടുണ്ട്.

”ആദ്യ പകുതി നല്ല ലാഗ് അടിച്ചു, പുത്രന്‍ ബ്രില്ലയന്‍സ് കാണിക്കാന്‍ വേണ്ടി ആണോ എന്തോ കുറേ ആവശ്യത്തിലേറെ പ്രകൃതി ഷോട്ടുകള്‍! ഇടക്ക് വരുന്ന കോമഡി ചിലത് രസം ഉണ്ടെങ്കിലും ചിലത് ചിരിയെ വന്നില്ല.. രണ്ടാം പകുതിയാണ് കൂടുതല്‍ ഇഷ്ടപെട്ടത്.. സിനിമയിലെ എഡിറ്റിംഗ് കിടു ആയിരുന്നു, separate Fanbase for His editting മൊത്തത്തില്‍ പുത്രന്റെ പാതി വെന്ത ഒരു പടം” എന്നാണ് മറ്റൊരാള്‍ കുറിച്ചിരിക്കുന്നത്.

‘വേവാത്ത ഭക്ഷണം ആര്‍ക്കും ഇഷ്ടപ്പെടില്ല’ അങ്ങനെ വേവിച്ച് വേവിച്ച്… ഒടുവില്‍ വെന്തളിഞ്ഞു, എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാര്‍ പോലെ ആയിട്ടുണ്ട് പഴം പുരാണവും പറഞ്ഞു വരുന്ന പുത്രന്മാരെ കണ്ണടച്ച് വിശ്വസിക്കരുത് എന്ന് മനസ്സിലായി ! GoldMovie – ഇഷ്ടപ്പെട്ടില്ല” എന്നാണ് ഒരു വ്യക്തി കുറിച്ചിരിക്കുന്നത്. അതിനൊപ്പം തന്നെ റിലീസ് ഡേറ്റ് എന്നാ ചേട്ടാ.. എന്ന് ചോദ്യത്തിന് നല്ലവണ്ണം വെന്തിട്ട് സിനിമ തരാം എന്ന് പറയുന്ന അല്‍ഫോണ്‍സ് പുത്രന്റെ മറുപടിയുടെ സ്‌ക്രീന്‍ ഷോട്ടും പോസ്റ്റ് ചെയ്തിട്ടുണ്ട്. ‘പ്രേമം’ പ്രതീക്ഷിച്ച് ഗോള്‍ഡ് കാണാന്‍ പോകരുതെന്നും ചിലര്‍ പോസ്റ്റുകളായി കുറിച്ചിട്ടുണ്ട്.

എന്നാല്‍ അല്‍ഫോണ്‍സ് പുത്രന്റെ മേക്കിംഗിനെയും പൃഥ്വിരാജിന്റെയും താരങ്ങളുടെയും അഭിനയത്തെ പുകഴ്ത്തി കൊണ്ട് കമന്റുകളും എത്തുന്നുണ്ട്. ജോഷി എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് ഗോള്‍ഡില്‍ അവതരിപ്പിച്ചത്. സുമംഗലി ഉണ്ണികൃഷ്ണന്‍ എന്ന കഥാപാത്രമായാണ് സിനിമയില്‍ നയന്‍താര വേഷമിട്ടത്. ലാലു അലക്സ്, ചെമ്പന്‍ വിനോദ്, വിനയ് ഫോര്‍ട്ട്, ജഗദീഷ്, അജ്മല്‍ അമീര്‍, പ്രേം കുമാര്‍, മല്ലിക സുകുമാരന്‍, ഷമ്മി തിലകന്‍, ദീപ്തി സതി, ശാന്തി കൃഷ്ണ, ശബരീഷ് വര്‍മ്മ, കൃഷ്ണ ശങ്കര്‍, റോഷന്‍ മാത്യു തുടങ്ങിയ താരങ്ങളും സിനിമയിലുണ്ട്.

നേരത്തെ ഗോള്‍ഡിന്റെ അപ്ഡേഷനുകള്‍ ചോദിച്ച് വരുന്ന മിക്ക കമന്റുകള്‍ക്കും അല്‍ഫോണ്‍സ് പുത്രന്‍ മറുപടി കൊടുക്കാറുണ്ടായിരുന്നു. ‘നേരത്തിനും പ്രേമത്തിനും ശേഷം ഒരു പുതുമയില്ലാത്ത മൂന്നാമത്തെ ചിത്രം’ എന്നാണ് സംവിധായകന്‍ തന്നെ ഗോള്‍ഡിനെ വിശേഷിപ്പിച്ചത്. കൂടെ ഒരു മുന്നറിയിപ്പും നല്‍കി, ”യുദ്ധവും പ്രേമവും പ്രതീക്ഷിച്ച് ആരും ആ വഴിക്ക് വരരുത്” എന്ന്. സിനിമ കണ്ടതിന് ശേഷമാണ് ഇതിന് പിന്നിലെ ഗുട്ടന്‍സ് മനസിലായത് എന്നും പ്രേക്ഷകര്‍ പറയുന്നുണ്ട്.