വരുന്നത് 'ബിലാൽ' അല്ല; നിരാശയിൽ മമ്മൂക്ക ഫാൻസ്; ഒരുങ്ങുന്നത് ഫഹദ്- കുഞ്ചാക്കോ ബോബൻ ചിത്രം

‘ഭീഷ്മപർവ്വ’ത്തിന് ശേഷം പുതിയ ചിത്രത്തിന്റെ പ്രഖ്യാപനവുമായി അമൽ നീരദ്. ജൂൺ 9-ന് ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപനം ഉണ്ടാവുമെന്നാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പുതിയ പോസ്റ്റിലൂടെ അമൽ നീരദ് പറഞ്ഞിരിക്കുന്നത്.

അതേസമയം ബിലാലിൽ കുറഞ്ഞതൊന്നും തന്നെ പ്രതീക്ഷിക്കുന്നില്ലെന്നാണ് ആരാധകർ പറയുന്നത്. എന്നാൽ വരുന്നത് ഫഹദ് ഫാസിൽ- കുഞ്ചാക്കോ ബോബൻ കോമ്പോ ചിത്രമാണെന്നാണ് റിപ്പോർട്ടുകൾ. ലാജോ ജോസ് എഴുതിയ ‘റൂത്തിന്റെ ലോകം’ എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് സിനിമ ഒരുങ്ങുന്നതെന്നും റിപ്പോർട്ടുകളുണ്ട്. അമൽ നീരദ് പ്രൊഡക്ഷൻസും ഉദയ സ്റ്റുഡിയോസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

ആനന്ദ് സി ചന്ദ്രനാണ് ചിത്രത്തിൽ ഛായാഗ്രഹണം നിർവഹിക്കുന്നത്. സുഷിൻ ശ്യാം ആണ് ചിത്രത്തിന് വേണ്ടി സംഗീത സംവിധാനം നിർവഹിക്കുന്നത്.

അതേസമയം മലയാളത്തിൽ മാസ് സിനിമകൾക്ക് മറ്റൊരു ഭാഷ്യം നൽകിയ ചിത്രമായിരുന്നു അമൽ നീരദിന്റെ മമ്മൂട്ടി ചിത്രം ‘ബിഗ് ബി’. ചിത്രത്തിന്റെ രണ്ടാം ഭാഗമായ ബിലാൽ പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് യാതൊരുവിധ അപ്ഡേറ്റുകളും ലഭ്യമായിരുന്നില്ല. അതിനിടെയിലായിരുന്നു ഭീഷ്മപർവ്വം ഒരുങ്ങിയത്. അമൽ നീരദിന്റെ തന്നെ ഏറ്റവും കളക്ഷൻ നേടിയ ചിത്രം കൂടിയായയിരുന്നു ഭീഷ്മപർവ്വം.

Read more