ഒരിടവേളയ്ക്ക് ശേഷം മലയാള സിനിമയില്‍ വീണ്ടും സജീവമായിരിക്കുകയാണ് അമല പോള്‍. ‘ദ ടീച്ചര്‍’, ‘ക്രിസ്റ്റഫര്‍’ എന്നീ സിനിമകളാണ് അമലയുടെതായി ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയ മലയാള ചിത്രങ്ങള്‍. ‘ആടുജീവിതം’ ആണ് താരത്തിന്റെതായി ഇനി റിലീസിന് ഒരുങ്ങുന്നത്.
ഇതിനിടെ താരം സോഷ്‌യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്ന ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. ബാലിയിലേക്കുള്ള ആത്മീയ യാത്രയുടെ ചിത്രങ്ങളാണ് അമല ഇപ്പോള്‍ പങ്കുവച്ചിരിക്കുന്നത്. മഹാശിവരാത്രി ആശംസകളും അമല ആരാധകരോട് പങ്കുവച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം ബാലിയില്‍ നിന്ന് മഴ ആസ്വദിക്കുന്ന ചിത്രങ്ങളും അമല പങ്കുവച്ചിരുന്നു. അടുത്തിടെയായുള്ള അമലയുടെ ചിത്രങ്ങള്‍ കണ്ട് താരം ആത്മീയതയിലേക്ക് തിരിഞ്ഞോ എന്നാണ് ആരാധകരുടെ ചോദ്യം. അടുത്തിടെ അമ്മയ്ക്കും നാത്തൂനുമൊപ്പം പഴനിയില്‍ എത്തിയതിന്റെ ചിത്രങ്ങളും അമല പങ്കുവച്ചിരുന്നു.
ഇത് മാത്രമല്ല തനിക്ക് മഹാദേവ ക്ഷേത്ര ദര്‍ശനം നിഷേധിച്ചെന്ന് പറഞ്ഞ് താരം രംഗത്തെത്തിയിരുന്നു. തിവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തില്‍ ദര്‍ശനം നിഷേധിച്ചതിനെ തുടര്‍ന്ന് റോഡില്‍ നിന്ന് ദര്‍ശനം നടത്തി അമല മടങ്ങുകയായിരുന്നു.
നടതുറപ്പ് ഉത്സവത്തോട് അനുബന്ധിച്ചായിരുന്നു അമല ക്ഷേത്രത്തില്‍ എത്തിയത്. എന്നാല്‍, ക്ഷേത്രഭാരവാഹികള്‍ ഇവരെ തടയുകയായിരുന്നു. അമല ക്രിസ്ത്യന്‍ ആണെന്നും ക്ഷേത്രത്തില്‍ ഹിന്ദുമത വിശ്വാസികള്‍ക്ക് മാത്രമാണ് പ്രവേശനമെന്നുമുള്ള ആചാരം ചൂണ്ടിക്കാട്ടിയാണ് അധികൃതര്‍ ദര്‍ശനം നിഷേധിച്ചത്.