മഹേഷിന്റെ പ്രതികാരത്തിനു പിന്നാലെ അമര്‍ അക്ബര്‍ അന്തോണിയും തമിഴിലേയ്ക്ക്?

നാദിര്‍ഷയുടെ സംവിധാനത്തില്‍ 2015ല്‍ തീയേറ്ററുകളിലെത്തിയ ചിത്രം അമര്‍ അക്ബര്‍ അന്തോണി തമിഴിലേക്ക് റീമെയ്ക്ക് ചെയ്യാനായി ഒരുങ്ങുന്നു. ഉദയനിധി സ്റ്റാലിനാണ് ചിത്രത്തിന്റെ റീമേയ്ക്ക് ചെയ്യാന്‍ ആഗ്രഹം പ്രകടിപ്പിച്ചിരിക്കുന്നതെന്നാണ് സൂചന. സിനിമ കണ്ടപ്പോള്‍ തന്നെ തനിയ്ക്കിഷ്ടമായെന്നും ഈ സിനിമ തമിഴിലേയ്ക്കു ചെയ്യാന്‍ താല്പര്യമുണ്ടെന്നും താരം അണിയറ പ്രവര്‍ത്തകരെ അറിയിച്ചതായാണ് വിവരം.

മലയാളത്തിലേതു പോലെ തന്നെ മൂന്ന് താരങ്ങളെ ഒരുമിച്ച് ലഭിക്കുക എന്നത് ശ്രമകരമാണ്. മൂന്നു പേര്‍ക്കും ഒരു നായിക എന്ന ആശയത്തിന് തമിഴില്‍ എത്രമാത്രം സ്വീകാര്യത ലഭിക്കും എന്നറിയില്ല. പക്ഷേ പറ്റിയ താരങ്ങള്‍ക്കായുള്ള കാത്തിരിപ്പിലാണ് ഞാന്‍. പലര്‍ക്കും സിനിമയുടെ സിഡി അയച്ചു കൊടുത്തു. വിഷയം നിര്‍മ്മാതാക്കളുമായി ചര്‍ച്ചചെയ്തിട്ടുണ്ട്. എല്ലാം ഒത്തു വന്നാല്‍ ചെയ്യും. ഉദയനിധി പറഞ്ഞു.

മഹേഷിന്റെ പ്രതികാരത്തിന്റെ തമിഴ് റീമേയ്ക്ക് നിമിറാണ് ഉദയനിധിയുടെ റിലീസായ ചിത്രം. ചിത്രത്തിന് മികച്ച പ്രതികരണമാണ് തീയേറ്ററുകളില്‍ ലഭിക്കുന്നത്. അതു പോലെ തന്നെ അമര്‍ അക്ബര്‍ അന്തോണിയുടെ റീമേയ്ക്കിനും തമിഴില്‍ നല്ല സ്വീകരണമായിരിക്കുമെന്ന വിശ്വാസം തനിയ്ക്ക് ഉണ്ടെന്നും ഉദയനിധി പറയുന്നു.