റിവ്യൂ ബോംബിങ്ങിനതിരെ കര്‍ശന മാര്‍ഗനിര്‍ദേശങ്ങളുമായി ഹൈക്കോടതി നിയമിച്ച അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്. സിനിമ റിലീസ് ചെയ്ത് 48 മണിക്കൂറുനുള്ളില്‍ റിവ്യൂ പറയുന്നത് ഒഴിവാക്കണം എന്നാണ് അമിക്കസ് ക്യൂറിയുടെ നിര്‍ദേശം.
ക്രിയാത്മകമായ വിമര്‍ശനങ്ങള്‍ ആകാമെന്നും അമിക്കസ് ക്യൂറി അഡ്വക്കേറ്റ് ശ്യാം പദ്മന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. സിനിമ റിലീസ് ചെയ്തതിന് തൊട്ടുപിന്നാലെ നടക്കുന്ന റിവ്യൂ ബോംബിങ് കാഴ്ചക്കാരെ ബാധിക്കുന്നുണ്ടെന്ന പരാതികള്‍ക്കിടയിലാണ് അമിക്കസ് ക്യൂറി ഹൈക്കോടതിയില്‍ നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചത്.
സിനിമ റിലീസ് ചെയ്ത് 48 മണിക്കൂറിന് ശേഷം റിവ്യൂ മതിയെന്നാണ് പ്രധാന നിര്‍ദേശം. 48 മണിക്കൂറിനിടയില്‍ പ്രേക്ഷകര്‍ക്ക് സിനിമയെ മനിസിലാക്കാനും കഥയെ വിലയിരുത്താനും കഴിയും. സിനിമയെ കുറിച്ച് അഭിപ്രായം രൂപീകരിക്കുന്നതില്‍ റിവ്യൂ സ്വാധീനിക്കില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.
സിനിമയുടെ അണിയറപ്രവര്‍ത്തകരെ വ്യക്തിഹത്യ നടത്തുന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ റിവ്യൂവില്‍ നിന്നും ഒഴിവാക്കണം. സിനിമയുടെ കഥ, ഛായാഗ്രഹണം, എന്നീ കാര്യങ്ങളില്‍ ക്രിയാത്മക വിമര്‍ശനങ്ങളാകാമെന്നും റിപ്പോര്‍ട്ടിലുണ്ട്.
തിരക്കഥയിലെ പ്രധാന ഭാഗങ്ങള്‍ പ്രേക്ഷകര്‍ക്ക് മനസിലാകുന്ന തരത്തിലുള്ള റിവ്യൂകള്‍ ഒഴിവാക്കാന്‍ വ്‌ളോഗര്‍മാര്‍ ശ്രമിക്കണം. നെഗറ്റീവ് റിവ്യൂയുമായി ബന്ധപ്പെട്ട പരാതികള്‍ പരിശോധിക്കാന്‍ പ്രത്യേക വെബ് പോര്‍ട്ടല്‍ തയ്യാറാക്കുന്നത് നല്ലതാണെന്നും റിപ്പോര്‍ട്ടിലുണ്ട്.