അമിത് ചക്കാലക്കലിനെ നായകനാക്കി എസ്.ജെ സിനു സംവിധാനം ചെയ്യുന്ന ‘ജിബൂട്ടി’ ഡിസംബര്‍ 31ന് തിയേറ്ററുകളില്‍ എത്തുകയാണ്. ചിത്രത്തിലെ ‘ഒരേ മനം’ എന്ന ലിറിക്കല്‍ വീഡിയോ ഗാനമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. വിജയ് പ്രകാശ് ആണ് ഗാനം ആലപിച്ചിരിക്കുന്നത്.
വിനായക് ശശികുമാര്‍, കൈതപ്രം ദാമോദരന്‍ നമ്പൂതിരി എന്നിവര്‍ ഒരുക്കിയ വരികള്‍ക്ക് ദീപക് ദേവ് ആണ് സംഗീതം നല്‍കിയത്. ബ്ലൂഹില്‍ നെയ്ല്‍ കമ്മ്യൂണിക്കേഷന്റെ ബാനറില്‍ മലയാളി വ്യവസായി ജോബി. പി. സാം ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
പ്രണയത്തിനും ആക്ഷനും പ്രാധാന്യം നല്കി കൊണ്ടുള്ള ഈ ചിത്രത്തിന്റെ ഭൂരിഭാഗവും ആഫ്രിക്കന്‍ രാജ്യമായ ജിബൂട്ടിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. ജിബൂട്ടിയുടെ സൗന്ദര്യം പ്രേക്ഷകരിലേക്ക് എത്തിക്കുന്ന ചിത്രം കൂടിയായിരിക്കും ഇത്.
ബോളിവുഡ് നടിയായ ഷകുന്‍ ജസ്വാള്, ജേക്കബ് ഗ്രിഗറി, ദിലീഷ് പോത്തന്, ബിജു സോപാനം, സുനില്‍ സുഖദ, ബേബി ജോര്‍ജ്, തമിഴ് നടന് കിഷോര്‍, ഗീത, ആതിര, അഞ്ജലി നായര്‍, രോഹിത് മഗ്ഗു, അലന്‍സിയര്‍, പൗളി വത്സന്, തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
തിരക്കഥ, സംഭാഷണം അഫ്സല് അബ്ദുള്‍ ലത്തീഫ്, എസ്. ജെ. സിനു, ചിത്രസംയോജനം സംജിത് മുഹമ്മദ്, ഛായാഗ്രഹണം ടി.ഡി. ശ്രീനിവാസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ തോമസ് പി.മാത്യു.