സിനിമ സെറ്റുകളിലെ ലഹരി ഉപയോഗത്തെപ്പറ്റി അന്വേഷിക്കാന്‍ എക്‌സൈസ് സംഘം സംഘടനയുമായി ബന്ധപ്പെട്ടിട്ടില്ലെന്ന് അമ്മ. ലഹരി ഉപയോഗത്തിനെതിരേ കടുത്ത നടപടികളിലേക്ക് നീങ്ങാന്‍ വിവിധ സിനിമാസംഘടനകള്‍ തീരുമാനിച്ച സാഹചര്യത്തിലാണ് എക്‌സൈസും അന്വേഷണം ശക്തമാക്കുന്നത്.
സിനിമാതാരങ്ങളുടെ ലഹരിയുടെ ഉപയോഗത്തെക്കുറിച്ച് നിര്‍മാതാക്കളുടെ സംഘടനയാണ് ആദ്യം പ്രതികരണവുമായി രംഗത്തെത്തിയത്. പിന്നാലെ വലിയ ചര്‍ച്ചകള്‍ക്ക് വിഷയം വഴിവെക്കുകയായിരുന്നു. അമ്മ സംഘടനക്ക് എക്‌സൈസില്‍ നിന്നും ഔദ്യോഗികമായി അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ല. വിവരശേഖരണത്തിന് ശേഷമായിരിക്കും പരിശോധനകളിലേക്ക് എക്‌സൈസ് സംഘം കടക്കുക.
കഴിഞ്ഞ ദിവസം നടന്‍ ടിനി ടോമിനെ എക്‌സൈസ് കമ്മിഷണര്‍ വിളിച്ച് വിവരങ്ങള്‍ ശേഖരിച്ചിരുന്നു. സൗഹൃദത്തിന്റെ അടിസ്ഥാനത്തില്‍ ചില വിവരങ്ങള്‍ ചോദിച്ചറിയുന്നതിന് വേണ്ടിയാണ് തന്നെ വിളിച്ചതെന്ന് ടിനി ടോം വ്യക്തമാക്കിയിരുന്നു.
സിനിമയില്‍ പലരും ലഹരി ഉപയോഗിക്കുന്നുണ്ടെന്നും തന്റെ മകന് അവസരം ലഭിച്ചിട്ടും പേടിച്ച് വിടാത്തതാണെന്നും കേരള സര്‍വകലാശാല കലോത്സവ വേദിയില്‍ ടിനി ടോം നടത്തിയ പരാമര്‍ശം ലഹരി ഉപയോഗത്തെക്കുറിച്ചുള്ള അന്വേഷണത്തെ ഊര്‍ജിതപ്പെടുത്തും. ഷെയ്ന്‍ നിഗമിന്റെ വിലക്കിനെക്കുറിച്ച് അമ്മ എക്‌സിക്യൂട്ടീവ് യോഗത്തില്‍ ചര്‍ച്ച നടത്തും.