താരസംഘടനയായ ‘അമ്മ’യുടെ തിരഞ്ഞെടുപ്പ് ഇന്ന്. പതിവിന് വിപരീതമായി കടുത്ത മത്സരമാണ് ഇത്തവണ നടക്കാന്‍ പോകുന്നത്. സോഷ്യല്‍ മീഡിയയിലൂടെ വോട്ട് അഭ്യര്‍ത്ഥിച്ചും താരങ്ങള്‍ രംഗത്തെത്തിയിരുന്നു. രാവിലെ പത്തിന് മോഹന്‍ലാലിന്റെ അധ്യക്ഷതയില്‍ ജനറല്‍ ബോഡി ആരംഭിക്കും.
ഔദ്യോഗിക പാനലിനെ അംഗീകരിക്കുകയാണ് താരസംഘടനയിലെ പതിവ്. എന്നാല്‍ ഇത്തവണ ഔദ്യോഗിക പാനലിന് എതിരെയാണ് മണിയന്‍പിള്ള രാജു അടക്കം മത്സരിക്കുന്നത്. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഔദ്യോഗിക പാനലിലെ മത്സരാര്‍ത്ഥികളായ ശ്വേത മേനോനും ആശ ശരത്തിനും എതിരെയാണ് മണിയന്‍പിള്ള രാജു മത്സരിക്കുന്നത്.
നിലവിലെ പ്രസിഡന്റ് മോഹന്‍ലാലും ജനറല്‍ സെക്രട്ടറി ഇടവേള ബാബുവും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ട്രഷറായി സിദ്ദിഖിനും ജോയിന്റ് സെക്രട്ടറിയായി ജയസൂര്യക്കും എതിരാളികളില്ല. 11 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്കും തിരഞ്ഞെടുപ്പുണ്ടാകും.
ഔദ്യോഗിക പാനലിന് പുറത്തു നിന്ന് ലാല്‍, വിജയ് ബാബു, നാസര്‍ ലത്തീഫ് തുടങ്ങിയവരാണ് മത്സരിക്കുന്നത്. രാവിലെ 11 മണിക്ക് തിരഞ്ഞെടുപ്പ് നടക്കും. ഉച്ചയ്ക്ക് ശേഷം 3 മണിക്ക് വിജയികളെ പ്രഖ്യാപിക്കും.
അതേസമയം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുളള നടന്‍ സിദ്ദിഖിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് സംബന്ധിച്ച് പ്രതിഷേധമറിയിക്കാനും ചില താരങ്ങള്‍ തീരുമാനിച്ചിട്ടുണ്ട്. ഔദ്യോഗിക പാനലിലെ സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ടു തേടി സിദ്ദിഖ് പങ്കുവച്ച പോസ്റ്റിന്റെ അവസാന ഭാഗത്തെ വരികളാണ് വിവാദമായത്.
‘ആരെ തിരഞ്ഞെടുക്കണമെന്ന് അംഗങ്ങള്‍ക്ക് തീരുമാനിക്കാം…അമ്മയുടെ തലപ്പത്തിരിക്കാന്‍ ഏറ്റവും അനുയോജ്യനായ വ്യക്തി താനാണെന്ന് വിശ്വസിച്ച് അതിനുവേണ്ടി മത്സരക്കാന്‍ നല്‍കിയ നോമിനേഷനില്‍ പേരെഴുതി ഒപ്പിടാന്‍ അറിയാത്തവരുമല്ല. ഇല്ലാത്ത ഭൂമി അമ്മയ്ക്കു നല്‍കാം എന്ന് വാദ്ഗാനം നല്‍കി അമ്മയെ കബളിപ്പിച്ചവരുമല്ല…’ എന്നാണ് സിദ്ദിഖ് കുറിച്ചത്.