'അഞ്ചക്കള്ളകോക്കന്‍' സര്‍പ്രൈസ് ആയി ഒ.ടി.ടിയില്‍; തിയേറ്ററില്‍ നേടിയത് കോടികള്‍, ഒ.ടി.ടിയില്‍ എത്തിയത് ഒരു മാസത്തിനിപ്പുറം

ചെമ്പന്‍ വിനോദിന്റെ സഹോദരനായ ഉല്ലാസ് ചെമ്പന്‍ സംവിധാനം ചെയ്ത ‘അഞ്ചക്കള്ളകോക്കന്‍’ ഒ.ടി.ടിയില്‍ സ്ട്രീമിംഗ് ആരംഭിച്ചു. ഇന്ന് രാവിലെ മുതല്‍ ആമസോണ്‍ പ്രൈമിലാണ് ചിത്രം സ്ട്രീമിംഗ് ആരംഭിച്ചത്. മാര്‍ച്ച് 15ന് തിയേറ്ററുകളില്‍ എത്തിയ ചിത്രം ഒരു മാസത്തിനിപ്പുറമാണ് ഒ.ടി.ടിയില്‍ എത്തിയിരിക്കുന്നത്.

ചെമ്പന്‍ വിനോദ്, ലുക്ക്മാന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയത്. മണികണ്ഠന്‍ ആചാരി, മെറിന്‍ ഫിലിപ്പ്, മേഘാ തോമസ്, ശ്രീജിത്ത് രവി, സെന്തില്‍ കൃഷ്ണ എന്നിവരും ചിത്രത്തില്‍ വേഷമിട്ടിട്ടുണ്ട്. അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ അഭിനേതാവായി ആണ് ഉല്ലാസ് സിനിമാ രംഗത്തെത്തുന്നത്.

5.39 കോടി രൂപയാണ് ചിത്രം നേടിയ കളക്ഷന്‍. ചെമ്പന്‍ വിനോദിന്റെ ചെമ്പോസ്‌കി മോഷന്‍ പിക്‌ചേഴ്‌സാണ് ചിത്രം നിര്‍മ്മിച്ചത്. 1980കളുടെ അവസാനം പശ്ചാത്തലമാക്കി കേരള കര്‍ണാടക അതിര്‍ത്തിയിലെ ഒരു ഗ്രാമത്തില്‍ നടക്കുന്ന കഥയാണ് അഞ്ചക്കള്ളകോക്കാന്‍.

മലയാളി പ്രേക്ഷകര്‍ക്കു അത്രകണ്ട് സുപരിചിതമല്ലാത്ത മലയാളം വെസ്റ്റേണ്‍ ട്രീറ്റ്‌മെന്റിലൂടെ പൊറാട്ട് എന്ന ഫോക്ക് കലാരൂപത്തെ മുന്‍നിര്‍ത്തിയാണ് ചിത്രത്തിന്റെ കഥ ഉല്ലാസ് ചെമ്പന്‍ അവതരിപ്പിച്ചത്. ഉല്ലാസും വികില്‍ വേണുവും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്.