2019 ല്‍ പുറത്തിറങ്ങിയ സിനിമകളില്‍ ഏറ്റവും കൂടുതല്‍ പ്രേക്ഷക സ്വീകാര്യത നേടിയ ചിത്രമാണ് “ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ വെര്‍ഷന്‍ 5.25”. സുരാജ് വെഞ്ഞാറമൂട് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച സിനിമ മലയാളികള്‍ ഒരുപോലെ സ്വീകരിച്ചിരുന്നു. ഒരു റോബോട്ടിനെ കേന്ദ്രീകരിച്ചാണ് ചിത്രം എത്തിയത്.
ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന് രണ്ടാം ഭാഗം പ്രഖ്യാപിച്ച് നിര്‍മ്മാതാവ് സന്തോഷ് ടി കുരുവിള. “ഏലിയന്‍ അളിയന്‍” എന്നാണ് ചിത്രത്തിന്റെ പേര്. കുഞ്ഞപ്പന്‍ വീണ്ടും എന്ന കുറിപ്പോടെയാണ് ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പങ്കുവച്ചിരിക്കുന്നത്. ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ ഒരുക്കിയ രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ തന്നെയാണ് രണ്ടാം ഭാഗവും സംവിധാനം ചെയ്യുന്നത്.
രതീഷ് ബാലകൃഷ്ണന്റെ സംവിധായക അരങ്ങേറ്റ ചിത്രമായിരുന്നു ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍. ഒരു സയന്‍സ്-ഫിക്ഷന്‍ ചിത്രമാണെങ്കിലും തമാശകളും വൈകാരിക നിമിഷങ്ങളുമെല്ലാം ചേര്‍ന്ന് പ്രേക്ഷകരെ സ്പര്‍ശിച്ച ചിത്രമാണ് ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍.
റോബോര്‍ട്ടിനെ കേന്ദ്രകഥാപാത്രമാക്കി ഒരുക്കിയ ചിത്രം മനുഷ്യര്‍ക്കിടയിലെ ബന്ധങ്ങളെ കുറിച്ചാണ് സംസാരിക്കുന്നത്. അതേസമയം, കനകം കാമിനി കലഹം, ന്നാ, താന്‍ കേസ് കൊട് എന്ന ചിത്രങ്ങളാണ് രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സിനിമകള്‍.