ബറോസ്’ സെറ്റില്‍ നിന്നുള്ള വിശേഷങ്ങള്‍ പങ്കുവച്ച് സെലിബ്രിറ്റി ഫോട്ടോഗ്രാഫര്‍ അനീഷ് ഉപാസന. മോഹന്‍ലാലിന്റെയും ഛായാഗ്രാഹകന്‍ സന്തോഷ് ശിവന്റെയും കെമിസ്ട്രി കണ്ടിരിക്കാന്‍ തന്നെ സുഖമാണെന്നും ഹൈ എനര്‍ജിയിലാണ് മോഹന്‍ലാല്‍ സെറ്റിലുള്ളതെന്നും അനീഷ് പറയുന്നു.
അനീഷ് ഉപാസനയുടെ വാക്കുകള്‍:
സത്യം പറയണം ലാല്‍ സാര്‍..സാര്‍ ആരാണ്..? സാറിനെവിടുന്നാണ് ഇത്രയും എനര്‍ജി..?സാറിനെവിടുന്നാണ് ഇത്രയും ക്ഷമ..? സാറിന് ഉറക്കമൊന്നും ഇല്ലേ..?
എത്ര ലേറ്റ് ആയിട്ട് ഷൂട്ടിങ് കഴിഞ്ഞാലും സാറെങ്ങനെയാണ് കൃത്യം 7.30 ന് തന്നെ ലൊക്കേഷനില്‍ എത്തുന്നത്..?
എന്റെ 1000 വാട്ട് പവറുള്ള ചോദ്യങ്ങളാണ്..പക്ഷേ ലാല്‍ സാര്‍ മുന്നില്‍ വന്നാല്‍ ഈ ചോദ്യങ്ങളെല്ലാം എന്റെ വായില്‍ക്കൂടി ആവിയായിപ്പോകും എന്നുള്ളതാണ് മറ്റൊരു സത്യം. ഒരു ഗ്യാപ് കിട്ടിയാല്‍ വിളക്ക്പണയം വെച്ചപോലെയിരിക്കുന്ന എന്നെപോലുള്ളവര്‍ക്ക് ലാല്‍ സാര്‍ ഒരു എനെര്‍ജറ്റിക് ഐറ്റം തന്നെയാണ്.
‘മോനേ..ജിബ് ന്റെ മൂവ്മെന്റ് പൂ പൊലെ വേണേ..ഒട്ടും ഷേക്ക് പാടില്ല..’
ഹോ..ആ ശബ്ദം മൈക്കിലൂടെ കേള്‍ക്കാന്‍ തന്നെ എന്തൊരു രസാ..
ജിബ് ഓപ്പറേറ്ററിന്റെ പേര് ദിനേശന്‍ എന്ന് കൂടിയായപ്പോള്‍ സംഗതി ജോറായി..
സെറ്റിലിപ്പോ ‘മോനേ ദിനേശാ..’ എന്ന വിളികളും ഇടയ്ക്കിടെ കേള്‍ക്കാം..
കട്ട് പറഞ്ഞയുടന്‍ ലാല്‍ സാര്‍..
‘അണ്ണാ ഓക്കേ ആണോ..?’
‘ഓക്കേ ആണ് അണ്ണാ..’ (സന്തോഷ് ശിവന്‍)
ഇവര്‍ രണ്ട് പേരും തമ്മിലുള്ള ഒരു കെമിസ്ട്രി കണ്ടിരിക്കാന്‍ തന്നെ ഒരു സുഖമാണ് കേട്ടോ.. ഇവര്‍ ഒരുമിച്ച സിനിമകളെല്ലാം ഒന്നിനൊന്ന് മെച്ചമാണല്ലോ..( ഇരുവര്‍, കാലാപാനി, യോദ്ധ…)
ബറോസ് എന്ന ടൈറ്റില്‍ ക്യാരക്ടര്‍ ചെയ്യുന്നത് ലാല്‍സാറാണ്..ആ ക്യാരക്ടറിന്റെ കോസ്റ്റ്യൂമിന് തന്നെ അത്യാവശ്യം ഭാരമുണ്ട്..അതും പേറിക്കൊണ്ടാണ് ഒരേ സമയം സംവിധായകനായും നടനായും ലാല്‍ സാര്‍ മാറിക്കൊണ്ടേയിരിക്കുന്നത്…
അപ്പോഴാണ് സ്റ്റില്‍ മോഡില്‍ നിന്ന് ക്യാമറ വിഡിയോ മോഡിലേക്ക് മാറ്റാന്‍ ഞാന്‍ മടി കാണിക്കുന്നത്.സത്യം പറഞ്ഞാല്‍ എന്നെ സൈക്കിള്‍ ചെയിന്‍ എടുത്ത് അടിക്കണം..
ചില നേരത്ത് ലാല്‍ സാര്‍ ഒറ്റയ്ക്ക് മാറിയിരുന്ന് ഷോട്ട് പ്ലാന്‍ ചെയ്യുന്നത് ഞാന്‍ പലതവണ ശ്രദ്ധിച്ചിട്ടുണ്ട്..കയ്യൊക്കെ വെച്ച് അന്തരീക്ഷത്തില്‍ എന്തൊക്കെയോ ചെയ്യും..എന്നിട്ട് ഓടി വരും
‘അണ്ണാ..ഇതാണ് ഷോട്ട്..’
സിംഗിള്‍ ഷോട്ട് മൂവ്മെന്റ് ആക്ടിവിറ്റിയെല്ലാം വളരെ കൂളായിട്ടാണ് സന്തോഷ് സാറിന് ലാല്‍ സാര്‍ പറഞ്ഞ് കൊടുക്കുന്നത്. ‘Get ready’..ഷോട്ടിലേക്ക് പോകുന്നു..
മിക്കവാറും ദിവസങ്ങളിലെല്ലാം ആന്റണിച്ചേട്ടന്‍ (ആന്റണി പെരുമ്പാവൂര്‍) കൂടെയുണ്ടാവാറുണ്ട്..അദ്ദേഹത്തിന്റെ നിര്‍മ്മാണസംരംഭമായ ആശീര്‍വാദ് സിനിമാസിന്റെ മുപ്പത്തിയൊന്നാമത്തെ ചിത്രമാണ് ബറോസ്. ബറോസ് ലാല്‍ സാറിന്റെയും ആന്റണിച്ചേട്ടന്റെയും മാത്രം സ്വപ്നമല്ല..ലാല്‍ സാറിനെ നെഞ്ചോട് ചേര്‍ത്ത്വച്ച എല്ലാവരുടെയും സ്വപ്നമാണ്…!