ഈ വര്‍ഷം പുറത്തിറങ്ങിയ മലയാള സിനിമകളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ചിത്രങ്ങളില്‍ ഒന്നാണ് “കപ്പേള”. ദേശീയ പുരസ്‌കാര ജേതാവും നടനുമായ മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്ത ചിത്രത്തിന്റെ ഹിന്ദി അടക്കമുള്ള റീമേക്ക് അവകാശങ്ങള്‍ നേരത്തെ വിറ്റു പോയിരുന്നു. ചിത്രത്തിന്റെ തെലുങ്ക് റീമേക്കിനെ കുറിച്ചുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടം നേടുന്നത്.
ബാലതാരമായി സിനിമയില്‍ എത്തിയ അനിഖ സുരേന്ദ്രന്‍ ആണ് ചിത്രത്തില്‍ നായികയാവുക. മലയാളത്തില്‍ അന്ന ബെന്‍ അവതരിപ്പിച്ച ജെസി എന്ന കഥാപാത്രത്തെയാണ് അനിഖ അവതരിപ്പിക്കുക. അനിഖ ആദ്യമായി നായിക ആകുന്ന ചിത്രമാകും ഇത്.
സിത്താര എന്റര്‍ടെയ്ന്‍മെന്റ്‌സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. അല്ലു അര്‍ജ്ജുന്റെ ഹിറ്റ് ചിത്രം “അല വൈകുണ്ഠപുരമുലോ”, “ജെഴ്സി” തുടങ്ങിയ ചിത്രങ്ങള്‍ ഒരുക്കിയ നിര്‍മ്മാണക്കമ്പനിയാണ് സിതാര എന്റര്‍ടെയ്ന്‍മെന്റ്സ്.
കഥാസ് അണ്‍ടോള്‍ഡിന്റെ ബാനറില്‍ വിഷ്ണു വേണു നിര്‍മ്മിച്ച ചിത്രമാണ് കപ്പേള. അന്ന ബെന്‍, ശ്രീനാഥ് ഭാസി, റോഷന്‍ മാത്യു എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായ ചിത്രം മാര്‍ച്ച് 6-ന് തിയേറ്ററുകളില്‍ എത്തിയിരുന്നെങ്കിലും കോവിഡ് വ്യാപനം മൂലം പിന്‍വലിക്കുകയായിരുന്നു. ജൂണ്‍ 22-ന് ആണ് ചിത്രം നെറ്റ്ഫ്ളിക്സില്‍ സ്ട്രീമിംഗ് ആരംഭിച്ചത്.