അന്ന് മോഹന്‍ലാല്‍ പറഞ്ഞതും ഇത് തന്നെയല്ലേ? അഞ്ജലി മേനോനും റോഷന്‍ ആന്‍ഡ്രൂസും പറഞ്ഞതില്‍ എന്താ കുഴപ്പം..?

‘ഒട്ടനേകം പേരുടെ ചോരയിലും കണ്ണീരിലും വിയര്‍പ്പിലും കെട്ടിപ്പടുത്തതാണെഡാ സിനിമ. അത് നശിപ്പിക്കാന്‍ നോക്കിയാല്‍ സമ്മതിക്കില്ല..’, ഉദയനാണ് താരം സിനിമയുടെ ക്ലൈമാക്‌സില്‍ മോഹന്‍ലാല്‍ പറയുന്ന ഡയലോഗ് ആണിത്. ഇവിടെ മോഹന്‍ലാല്‍ ഉദ്ദേശിച്ചത് തന്നെയാണ് റോഷന്‍ ആന്‍ഡ്രൂസും അഞ്ജലി മേനോനും ഒക്കെ പറഞ്ഞതും. സിനിമ പഠിച്ച ശേഷം റിവ്യു ചെയ്യണം എന്ന അഞ്ജലി മേനോന്റെ വാക്കുകളും, സിനിമയെ വിമര്‍ശിക്കുന്നവര്‍ക്ക് എന്ത് യോഗ്യതയുണ്ട് എന്ന റോഷന്‍ ആന്‍ഡ്രൂസിന്റെ വാക്കുകളും നമ്മള്‍ ചര്‍ച്ച ചെയ്തതാണ്. കാശ് കൊടുത്ത് സിനിമ കാണുന്നവര്‍ അതിനെ വിമര്‍ശിക്കുക തന്നെ ചെയ്യുമെന്ന പ്രതികരണങ്ങളും നമ്മള്‍ കേട്ടതാണ്. പക്ഷെ ഒന്ന് പുനര്‍ചിന്തനം നടത്തി നോക്കിയാല്‍ അഞ്ജലി മേനോനും റോഷന്‍ ആന്‍ഡ്രൂസും പറഞ്ഞതില്‍ കാര്യമില്ലേ എന്ന് തോന്നിയിട്ടില്ലേ…

ഒരു സിനിമ കണ്ട് കഴിഞ്ഞാല്‍ അത് നല്ലതാണോ മോശമാണോ എന്ന് പറയാനുള്ള അല്ലെങ്കില്‍ വിമര്‍ശിക്കാനുള്ള എല്ലാ യോഗ്യതയും പ്രേക്ഷകര്‍ക്കുണ്ട്. സിനിമ നല്ലതോ ചീത്തയോ ലാഗ് ആണോ, ഫസ്റ്റ് ഹാഫ് പോരാ എന്നോ സെക്കന്റ് ഹാഫ് പോരാ എന്നൊക്കെ അഭിപ്രായം പറയാനുള്ള യോഗ്യത എന്തായാലും സിനിമ കണ്ട പ്രേക്ഷകര്‍ക്ക് ഉണ്ട്. എന്നാല്‍ സിനിമ ഡീഗ്രേഡ് ചെയ്യുന്ന വിധത്തില്‍ റിവ്യു പറയുന്നതിനോട് പ്രേക്ഷകരെ പോലെ തന്നെ എനിക്കും എതിരഭിപ്രായം തന്നെയാണ്.

സിനിമ തീരൂന്നതിന് മുമ്പ് തന്നെ റിവ്യു പറയുന്ന നിരൂപകര്‍ക്കെതിരെയാണ് റോഷന്‍ ആന്‍ഡ്രൂസും അഞ്ജലി മേനോനും ഒക്കെ പ്രതികരിച്ചത്.

എന്തായിരുന്നു റോഷന്‍ ആന്‍ഡ്രൂസ് പറഞ്ഞത്?

”മുമ്പ് സിനിമ തീരുമ്പോഴായിരുന്നു മൈക്കുമായി കയറിവരുന്നത്. ഇന്ന് ആദ്യ പകുതി തീരുമ്പോഴേ മൈക്കുമായി വരികയാണ്. സിനിമയെ അപ്പോള്‍ തന്നെ കീറിമുറിക്കും. ഇന്റര്‍നെറ്റിന്റെയും സോഷ്യല്‍ മീഡിയയുടേയും സ്വാധീനം സിനിമകളെ ദോഷകരമായി ബാധിക്കുന്നുണ്ട്. പോസ്റ്റര്‍ ഒട്ടിക്കുന്നവര്‍, ഫിലിം റെപ്രസന്റേറ്റീവുകള്‍ തുടങ്ങി ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ വരെ ഒരു സിനിമ കൊണ്ട് ആയിരക്കണക്കിനു കുടുംബങ്ങള്‍ ജീവിക്കുന്നുണ്ട്. അങ്ങനെയാണ് ഞാന്‍ സിനിമയെ കാണുന്നത്. കൊറിയയില്‍ സിനിമയെ ആരും വിമര്‍ശിക്കാറില്ല. സിനിമയെ അവര്‍ പിന്തുണയ്ക്കുകയാണ് ചെയ്യുന്നത്. നമ്മള്‍ നശിപ്പിച്ച് താഴെയിടും. വിമര്‍ശിക്കുന്നവക്ക് എന്ത് യോഗ്യതയുണ്ട് എന്നതാണ് മറ്റൊരു ചോദ്യം. ഒരു കഥ എഴുതിയിട്ടുണ്ടോ, തിരക്കഥ എഴുതിയിട്ടുണ്ടോ എന്ന് വിമര്‍ശിക്കുന്നവര്‍ ചിന്തിക്കണം. തനിക്ക് എത്തിപ്പെടാന്‍ പറ്റാത്തതിന്റെ നിരാശയാണോ അവരെക്കൊണ്ട് ഇതൊക്കെ ചെയ്യിപ്പിക്കുന്നത്? ആദ്യത്തെ മൂന്ന് ദിവസമെങ്കിലും തിയറ്ററുകളില്‍ നിന്ന് ഇത്തരക്കാര്‍ക്ക് അകന്നു നിന്നുകൂടേ? ജനം പടം കാണട്ടെ. മുടക്കുമുതല്‍ തിരിച്ചുകിട്ടട്ടെ. സിനിമയെ വിമര്‍ശിച്ചോളൂ. കൊല്ലരുത്..” എന്നാണ് റോഷന്‍ ആന്‍ഡ്രൂസിന്റെ വാക്കുകള്‍.

ഈ പ്രസ്താവന വന്നതോടെ റോഷന്‍ ആന്‍ഡ്രൂസ് ഇനി കൊറിയന്‍ സിനിമ എടുക്കാന്‍ പോകുമോ എന്ന തരത്തില്‍ വരെ ട്രോളുകളും വാര്‍ത്തകളും എത്തി.

എന്തായിരുന്നു അഞ്ജലി മേനോന്‍ പറഞ്ഞത്?

”സിനിമയ്ക്ക് ലാഗ് ഉണ്ട് എന്നൊക്കെ പറയുന്നതു കേള്‍ക്കുമ്പോള്‍ എനിക്കു ചിരി വരാറുണ്ട്. അത് പറയുന്നവര്‍ എഡിറ്റിങ് എന്താണെന്ന് കുറച്ചെങ്കിലും അറിഞ്ഞിരിക്കണം. സിനിമയുടെ കഥ എങ്ങനെയാണ് പറയുന്നതെന്നും ആ സിനിമ എന്താണെന്നും അറിഞ്ഞിരിക്കണം. റിവ്യൂ ചെയ്യുന്നവര്‍ സിനിമ എന്തെന്ന് മനസ്സിലാക്കിയിട്ടു ചെയ്യുകയാണെങ്കില്‍ അത് ഗുണം ചെയ്യും. ഒടിടിയില്‍ വരുന്ന ചിത്രങ്ങള്‍ക്ക് സോഷ്യല്‍ മീഡിയയിലുള്ള റിവ്യൂ വളരെ പ്രധാനമാണ്. അങ്ങനെ ഒരു ഓഡിയന്‍സ് വളര്‍ന്നു വരുമ്പോള്‍ നിരൂപണം ചെയ്യുന്നവര്‍ കാര്യങ്ങള്‍ മനസ്സിലാക്കി ചെയ്താല്‍ അത് എല്ലാവര്‍ക്കും ഗുണം ചെയ്യും. സിനിമ റിവ്യൂ ചെയ്യുന്നത് എങ്ങനെയെന്നു പഠിക്കണം” എന്നായിരുന്നു അഞ്ജലി മേനോന്‍ പറഞ്ഞത്.

ഈ വാക്കുകള്‍ക്കും ഒരുപാട് ട്രോളുകളും വിമര്‍ശനങ്ങളും വരുന്നുണ്ട്. അഞ്ജലി മേനോന്റെ ‘വണ്ടര്‍ വിമന്‍’ എത്തിയപ്പോള്‍ സിനിമ പഠിച്ചവര്‍ റിവ്യു പറയട്ടെ എന്ന പോസ്റ്റുകളും കണ്ടു.

സിനിമാ റിവ്യു ചെയ്യുന്നവര്‍ക്കെതിരെ മുമ്പ് മോഹന്‍ലാലും രംഗത്തെത്തിയിരുന്നു.

‘ഒരു തരത്തിലും സിനിമയുമായി ബന്ധമില്ലാത്തവരാണ് സിനിമയെ കുറിച്ച് പറയുന്നത്. ഒരാള് അതിന്റെ എഡിറ്റിങ് ശരിയല്ല എന്നു പറഞ്ഞുകഴിഞ്ഞാല്‍ അയാള്‍ക്ക് എഡിറ്റിങ്ങിനെ കുറിച്ച് എന്തെങ്കിലും അറിയണ്ടേ? വിമര്‍ശിക്കുന്നവര്‍ക്ക് അതിനെ കുറിച്ച് എന്തെങ്കിലും ഒരു ധാരണ വേണം. ഇതിന്റെ പിന്നിലുള്ള പ്രയത്‌നത്തെ കുറിച്ച് മനസിലാക്കണം. ഇത് വലിയൊരു വ്യവസായമാണ്. ഒരുപാട് കുടുംബങ്ങളുള്ള വ്യവസായമാണ്. ഒരു സിനിമ മോശമാകുക എന്നുള്ളതല്ലല്ലോ. കോവിഡ് സമയത്തൊക്കെ ഞാന്‍ ഹൈദരബാദില്‍ ആയിരുന്നു. ബ്രോ ഡാഡിയുടെ ഷൂട്ടിങ്ങിന്. അവിടെ റിലീസാകുന്ന സിനിമകളെ മുഴുവന്‍ അവിടെയുള്ള സിനിമാക്കാരും പ്രേക്ഷകരും സപ്പോര്‍ട്ട് ചെയ്യുന്നു. അവിടെ ഒരു സിനിമ മോശമാകാന്‍ സിനിമ ഇഷ്ടപ്പെടുന്ന ആളുകള്‍ സംസാരിക്കില്ല. ആവശ്യമില്ലാത്ത ഒരു കാര്യവും അവര്‍ സിനിമയെ കുറിച്ച് എഴുതില്ല. സിനിമയെ നന്നായിയേ എഴുതുകയുള്ളൂ’ എന്നായിരുന്നു മോഹന്‍ലാലിന്റെ പരാമര്‍ശം.

സിനിമ ഇറങ്ങുന്നതിന് മുമ്പ് തന്നെ അല്ലെങ്കില്‍ ഇറങ്ങിയ ഉടനെ തന്നെ വ്യാജ റിവ്യൂകള്‍ ഇടുന്നവര്‍ക്കെതിരെയാണ് ഇവരെ പോലെ നമ്മളും പ്രതികരിക്കേണ്ടത്. വിമര്‍ശിക്കാം, എല്ലാവര്‍ക്കും അതിനുള്ള പൂര്‍ണ്ണ സ്വാതന്ത്ര്യം ഉണ്ട് പക്ഷെ അതു മറ്റുള്ളവരുടെ കഞ്ഞിയില്‍ പാറ്റ ഇട്ടു കൊണ്ടു ആവരുത്.