‘അന്യന്റെ’ നിര്‍മ്മാതാവ് ആസ്‌കര്‍ രവിചന്ദ്രന്‍ ചിത്രത്തിന്റെ ഹിന്ദി റീമേക്കിനെതിരെ ഹൈക്കോടതിയിലേക്ക്. സംവിധായകന്‍ ശങ്കറിനും നിര്‍മ്മാതാവ് ജയനിതാള്‍ ഗദ്ദക്കുമെതിരെയാണ് രവിചന്ദ്രന്‍ പരാതി നല്‍കിയിരിക്കുന്നത്. മുമ്പ് രവിചന്ദ്രന്‍ ശങ്കറിനെതിരെ സൗത്ത് ഇന്ത്യന്‍ ഫിലിം ചേംബറില്‍ പരാതി നല്‍കിയിരുന്നു. ‘ഞാന്‍ ശങ്കറിനും ജയനിതാള്‍ ഗദ്ദക്കുമെതിരെ കോടതിയെ സമീപിക്കുകയാണ്. എന്റെ സമ്മതം ഇല്ലാതെ അവര്‍ക്ക് സിനിമ റീമേക്ക് ചെയ്യാനാവില്ല. കാരണം സിനിമയുടെ കോപ്പി റൈറ്റ് എന്റെയാണ്. അതിനാല്‍ ഞാനാണ് സിനിമയുടെ ഓതര്‍’ എന്നാണ് രവിചന്ദ്രന്‍ പറയുന്നത്.
തിരക്കഥ തന്റേതാണെന്ന് എല്ലാവര്‍ക്കും അറിയുന്ന കാര്യമാണെന്നാണ് പരാതിയില്‍ ശങ്കറിന്റെ പ്രതികരണം. ‘ശങ്കറിന് എന്ത് വേണമെങ്കിലും അവകാശപ്പെടാം. പക്ഷെ എല്ലാവര്‍ക്കും അറിയാം അന്യന്‍ എന്റെ സിനിമയാണെന്ന്. ഞാനാണ് ശങ്കറിനെ സംവിധാനം ചെയ്യാന്‍ നിയമിച്ചത്.’ എന്നാണ് ശങ്കറിന്റെ പ്രതികരണത്തില്‍ രവിചന്ദ്രന്റെ വാദം.
അന്യന്‍ അപരിചിത് എന്ന പേരില്‍ 2006ല്‍ ഹിന്ദിയില്‍ റിലീസ് ചെയ്തിരുന്നു. മദ്രാസ് ഹൈക്കോടതിയിലാണ് രവിചന്ദ്രന്‍ പരാതി സമര്‍പ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ സൗത്ത് ഇന്ത്യന്‍ ഫിലിം ചേംബര്‍ മുംബൈ ഫിലിം അസോസിയേഷനുമായി സംസാരിച്ച ശേഷം കേസുമായി മുന്നോട്ട് പോകാനാണ് തീരുമാനിച്ചിരിക്കുന്നത്.