'ഇതും ബോഡി ഷെയ്മിംഗ് തന്നെയല്ലേ..'; അനൂപ് മേനോന്റെ പോസ്റ്റിനെ വിമര്‍ശിച്ച് കമന്റ്, മറുപടിയുമായി താരം

ശരീരഭാരം കുറച്ചെത്തിയ നിവിന്‍ പോളിയുടെ പുത്തന്‍ മേക്കോവര്‍ ചിത്രങ്ങള്‍ക്ക് പ്രശംസകളമായി സിനിമ താരങ്ങളും ആരാധകരും രംഗത്തെത്തിയിരുന്നു. രണ്ട് മാസം കൊണ്ടാണ് നിവിന്‍ 15 കിലോ കുറച്ച് പഴയ രീതിയിലേക്ക് എത്തിയത്. ‘പടവെട്ട്’, ‘സാറ്റര്‍ഡേ നൈറ്റ്’ തുടങ്ങിയ സിനിമകളിലെ നിവിന്‍ കഥപാത്രങ്ങള്‍ക്ക് എല്ലാം തടിച്ച ശരീരപ്രകൃതിയായിരുന്നു.

ഈ സിനിമകള്‍ തിയേറ്ററില്‍ വേണ്ടത്ര ശ്രദ്ധ നേടിരുന്നില്ല. മാത്രമല്ല നിവിനെതിരെ ബോഡി ഷെയ്മിംഗും നടന്നിരുന്നു. കഴിഞ്ഞ ദിവസമാണ് പുത്തന്‍ മേക്കോവറില്‍ എത്തിയ നിവിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ എത്തിയത്. അജു വര്‍ഗീസ്, സൈജു കുറുപ്പ് തുടങ്ങിയ സഹതാരങ്ങള്‍ എല്ലാം നിവിനെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു.

ഈ അവസരത്തില്‍ നിവിനെ അഭിനന്ദിച്ച് അനൂപ് മേനോന്‍ പങ്കുവച്ച പോസ്റ്റും അതിന് വന്ന കമന്റും, അതിന് താരം നല്‍കിയ മറുപടിയുമാണ് ശ്രദ്ധ നേടുന്നത്. നേരത്തെ തടി കൂടിയതിന് ശേഷം ഇപ്പോള്‍ കുറഞ്ഞുവെന്ന് പറഞ്ഞ് അഭിന്ദിക്കുന്നതും ബോഡി ഷെയ്മിംഗ് തന്നെയല്ലേ എന്നാണ് നടനോടുള്ള ചോദ്യം.

‘നിവിന്‍ വീണ്ടും സ്വാഗതം. ഈ തലമുറയുടെ സമാനതകളില്ലാത്ത എന്റര്‍ടെയ്നര്‍.. നിങ്ങള്‍ വാഗ്ദാനം ചെയ്യുന്ന എല്ലാ തമാശകളും ചിരിയും പ്രതീക്ഷിക്കുന്നു’ എന്നാണ് അനൂപ് മേനോന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. ഒപ്പം നിവിന്റെ തടികൂടിയതും ഇപ്പോഴത്തെയും ഫോട്ടോകളും പങ്കുവച്ചിട്ടുണ്ട്.

‘തടി കൂടി എന്ന് പറഞ്ഞ ബോഡി ഷെയ്മിംഗ്. അപ്പോള്‍ കുറഞ്ഞു എന്ന് പറഞ്ഞു congratulation എന്ന് പറയുന്നതും പണ്ട് നിന്നെ കാണാന്‍ കൊള്ളില്ലായിരുന്നു എന്ന് പറയുന്ന പോലെ അല്ലെ… അപ്പോ അതും ബോഡി ഷെയ്മിംഗ് അല്ലേ?’ എന്നായിരുന്നു ഒരാളുടെ കമന്റ്.

‘ഈ പോസ്റ്റ് ഒരിക്കലും നിവിന്‍ ഭാരം കുറച്ചതിനെ പറ്റി മാത്രമല്ല, അദ്ദേഹത്തിന്റെ പുതിയ ഊര്‍ജ്ജത്തെ കുറിച്ച് കൂടിയാണ്’ എന്നായിരുന്നു അനൂപ് മേനോന്റെ മറുപടി. ‘ചേട്ടനും കൂടെ ഇതുപോലെ മേക്കോവര്‍ നടത്തിക്കൂടെ’, എന്ന കമന്റിന്, ‘സത്യം’ എന്ന മറുപടിയും അനൂപ് മേനോന്‍ കൊടുക്കുന്നുണ്ട്.

Read more

Anoop Menon responds to  comment on  post about Nivin Pauly