2021ല്‍ പുറത്തിറങ്ങിയ ‘വിധി: ദ വെര്‍ഡിക്ട്’ മുതല്‍ അനൂപ് മേനോന്റെതായി ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയ ‘വരാല്‍’ എന്ന സിനിമ വരെ എടുത്ത് നോക്കിയാല്‍ തിയേറ്ററില്‍ ഹിറ്റ് ആയ സിനിമകള്‍ കുറവാണ്. ആവറേജ് പ്രകനം മാത്രമാണ് ഇതുവരെയുള്ള സിനിമകള്‍ ഒക്കെ തിയേറ്ററില്‍ കാഴ്ച വച്ചത്. അധികം പ്രമോഷനുകള്‍ ഒന്നുമില്ലാതെ എത്തിയ അനൂപ് മേനോന്റെ രണ്ട് സിനിമകളാണ് ‘പത്മ’യും ‘കിംഗ് ഫിഷും’. അനൂപ് മേനോന്‍ തിരക്കഥ എഴുതി, നായകനായി അഭിനയിച്ച്, സംവിധാനം ചെയ്ത സിനിമകളാണ് ഇത്. വലിയ പ്രമോഷനുകളോ ആരവങ്ങളോ ഒന്നുമില്ലാതെ എത്തിയ സിനിമകള്‍ക്ക് സമ്മിശ്ര പ്രതികരണങ്ങള്‍ ആയിരുന്നു തിയേറ്ററില്‍ ലഭിച്ചിരുന്നത്.
ജൂലൈ 14ന് ആണ് പത്മ തിയേറ്ററുകളില്‍ എത്തിയത്. സുരഭി ലക്ഷ്മിയാണ് സിനിമയില്‍ ടൈറ്റില്‍ കഥാപാത്രമായി എത്തിയത്. വിവാഹബന്ധത്തിലെ പൊരുത്തക്കേടുകളെയും അസ്വാരസ്യങ്ങളെയും കുറിച്ച് പ്രതിപാദിക്കുന്ന, മാറിയ കാലത്തെ ബന്ധങ്ങളെ കുറിച്ചു സംസാരിക്കുന്ന ഒരു കുടുംബചിത്രമായാണ് പത്മ എത്തിയത്. സംസാരിക്കപ്പെടേണ്ട ഒരു വിഷയം തന്നെയാണ് പറയുന്നതെങ്കിലും എല്ലാ തരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്താന്‍ സാധ്യതയുള്ള സിനിമയല്ല ‘പത്മ’. വിവാഹ ജീവിതത്തിലെ യാഥാര്‍ത്ഥ്യങ്ങളെയും നേര്‍ക്കാഴ്ചകളെയും അഭിമുഖീകരിച്ചിട്ടുള്ളവര്‍ക്കാവും ഈ സിനിമ കുറച്ചു കൂടി ആസ്വദിക്കാനാവുക.
എങ്കിലും അനൂപ് മേനോന്റെ മേക്കിംഗും തിരക്കഥയും ശ്രദ്ധിക്കപ്പെട്ടിരുന്നു. സ്ഥിരം അനൂപ് മേനോന്‍ ടൈപ്പ് ഓഫ് ഫിലോസഫികളും പിന്നെ ഹൈക്ലാസ് അവിഹിത പ്രശ്‌നങ്ങളും ജീവിത പ്രശ്‌നങ്ങളും ഒക്കെ ആയി ചുമ്മാ കണ്ടിരിക്കാവുന്ന ഒരു സിനിമ എന്നാണ് ചിത്രത്തെ കുറിച്ച് പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നത്. സെപ്റ്റംബര്‍ 16ന് ആണ് ‘കിംഗ് ഫിഷ്’ റിലീസ് ചെയ്തത്. കോവിഡിന് മുമ്പ് തന്നെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ സിനിമ ആയിരുന്നു കിംഗ് ഫിഷ്. അനൂപ് മേനോന്റെ ആദ്യ സംവിധാനം സംരംഭം. അനൂപ് മേനോനും സംവിധായകന്‍ രഞ്ജിത്തും ഒന്നിച്ച സിനിമ. റൊമാന്റിക് കോമഡി ട്രാക്കില്‍ തുടങ്ങി പതിയെ ചുവടു മാറി ത്രില്ലറിലേക്ക് ചുവടു മാറ്റുന്ന സിനിമയില്‍ ആനുകാലിക പ്രസക്തിയുള്ള വിഷയം കൂടി പ്രതിപാദിക്കുന്നുണ്ട്.
ലൈംഗിക പീഡനത്തിന് ഇരയായവരുടെ സാമൂഹ്യ വിചാരണ ഏറെ ചര്‍ച്ചചെയ്യപ്പെടുന്ന സമൂഹത്തില്‍ എന്തുകൊണ്ട് അവളുടെ പേര് വെളിപ്പെടുത്തി സമൂഹത്തില്‍ തലയുയര്‍ത്തിപ്പിടിച്ചു നടന്നുകൂടാ എന്ന ധീരമായ ചോദ്യവും അനൂപ് മേനോന്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ വയ്ക്കുന്നുണ്ട്. അനൂപ് മേനോന്റെതായി ഒടുവില്‍ തിയേറ്ററില്‍ എത്തിയ ചിത്രം കണ്ണന്‍ താമരക്കുളത്തിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ വരാല്‍ ആണ്. സിനിമയ്ക്ക് തിരക്കഥ ഒരുക്കിയത് അനൂപ് മേനോന്‍ ആണ്.
കുറെയധികം രാഷ്ട്രീയ നേതാക്കള്‍, അധികാരത്തിനു വേണ്ടിയുള്ള അതിഭീകരമായ വടംവലികള്‍, ഹണി ട്രാപ് മുതല്‍ മത തീവ്രവാദം വരെ നമ്മള്‍ എപ്പോഴൊക്കെയോ കേട്ട കുറെ നാടകീയ സംഭവങ്ങള്‍…വളരെ ലൗഡ് ആയ മാസ്സ് സംഭാഷണങ്ങള്‍, പശ്ചാത്തല സംഗീതം, കണ്ട് ശീലമായ തരം ട്വിസ്റ്റുകളൊക്കെയാണ് വരാലില്‍ കാണാനാവുക. പതിവ് രീതിയില്‍ ഇവിടത്തെ നിലവിലെ രാഷ്ട്രീയ പാര്‍ട്ടികളിലെ ചില നേതാക്കളെ, ചില സംഭവങ്ങളെ ഒക്കെ ഓര്‍മിപ്പിക്കാനും സിനിമ ശ്രമിച്ചിട്ടുണ്ട്.
Read more
ഒരു വര്‍ഷം തന്നെ രണ്ട് സിനിമകള്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുകയും ഒരു സിനിമയ്ക്ക് വേണ്ടി തിരക്കഥ എഴുതുകയും ചെയ്തു.. കിങ് ഫിഷ്, പദ്മ, വരാല്‍ എന്നീ മൂന്ന് സിനിമകളിലും നായകവേഷത്തില്‍ അഭിനയിക്കുകയും ചെയ്തു…. എന്നാല്‍ മൂന്ന് സിനിമകളും ബോക്‌സോഫീസില്‍ ഫ്‌ളോപ്പ് ആണ്….. ഇത്തരം സിനിമകള്‍ ചെയ്യുന്നത് നിര്‍ത്തിയില്ലെങ്കില്‍ അനൂപ് മേനോന്‍ എന്ന താരത്തിന്റെ കരിയര്‍ നശിക്കും എന്ന തരത്തിലുള്ള ചര്‍ച്ചകളാണ് ഉയരുന്നത്. അനൂപ് മേനോന്റെ കോണ്‍സപ്റ്റ് സാധാരണാക്കാര്‍ക്ക് ദഹിച്ചിട്ടില്ല എന്ന് തന്നെ പറയണം. ഇനി വരാനിരിക്കുന്നത് ‘ഒരു നാല്‍പതുകാരന്റെ ഇരുപത്തിയൊന്നുകാരി’ എന്ന സിനിമയാണ്. അതില്‍ ഇനി എന്ത് പുതുമയാണ് അനൂപ് മേനോന്‍ കൊണ്ടു വരാനിരിക്കുന്നത് എന്നതിനായാണ് കാത്തിരിക്കുന്നത്.