തൊടുപുഴയിലെ ഷൂട്ടിംഗ് ലൊക്കേഷനിൽ വച്ച് ജയസൂര്യ തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് നടിയുടെ പരാതി. തിരുവനന്തപുരം സ്വദേശിനിയായ നടി നൽകിയ പരാതി തൊടുപുഴ പോലീസിന് കൈമാറി. ഐശ്വര്യ ഡോഗ്രെയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുക. നേരത്തെ ജയസൂര്യക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം തിരുവനന്തപുരം കൻ്റോൺമെൻ്റ് പോലീസ് കേസെടുത്തിരുന്നു.
സെക്രട്ടേറിയറ്റിൽ സിനിമയുടെ ചിത്രീകരണത്തിനിടെ വാഷ്‌റൂമിന് സമീപം വെച്ച് ലൈംഗികാതിക്രമത്തിനിരയായെന്ന കൊച്ചി സ്വദേശിനിയുടെ പരാതിയിലാണ് ആദ്യ കേസ്. ഐപിസി 354, 354 എ, 509 വകുപ്പുകളാണ് കേസിൽ ചുമത്തിയിരിക്കുന്നത്. ലൈംഗികാതിക്രമം, സ്ത്രീകളെ അപമാനിക്കൽ തുടങ്ങിയ വകുപ്പുകൾക്കൊപ്പം ജാമ്യമില്ലാ വകുപ്പും ചുമത്തിയിട്ടുണ്ട്.
കൊച്ചി സ്വദേശിനിയായ മറ്റൊരു നടി നൽകിയ ഏഴ് പരാതികളിൽ ഒന്നിൽ ജയസൂര്യ ഉൾപ്പെട്ടിട്ടുണ്ട്. നടിയുടെ പരാതിയിൽ ജയസൂര്യയെ കൂടാതെ നടനും സിപിഎം എംഎൽഎയുമായ മുകേഷ്, ഇടവേള ബാബു, മണിയൻപിള്ള രാജു, കോൺഗ്രസ് നേതാവ് വിഎസ് ചന്ദ്രശേഖരൻ, കാസ്റ്റിംഗ് ഡയറക്ടർ വിച്ചു, പ്രൊഡക്ഷൻ കൺട്രോളർ നോബിൾ എന്നിവർക്കെതിരെയും പോലീസ് കേസെടുത്തു.