എല്ലാ കാലത്തും സിനിമ എന്നത് കേവലമൊരു കല എന്നതിലുപരി ഒരു ബിസിനസ്സ് കൂടിയാണ്. അതുകൊണ്ട് തന്നെ ആർട്ട് സിനിമകൾ, എല്ലാക്കാലത്തും സിനിമയെ ഗൌരവമായി കാണുന്ന പ്രേക്ഷകരോടാണ് ഏറ്റവും കൂടുതൽ സംവദിച്ചിട്ടുള്ളത്.
അതേ സമയം ജനപ്രിയ സിനിമകൾ എന്ന് വിളിക്കപ്പെടുന്ന കൊമേഴ്സ്യൽ സിനിമകളാണ് സിനിമാ വ്യവസായത്തെ എല്ലാകാലത്തും പിടിച്ചുനിർത്തുന്നത്. കുടുംബവുമൊത്ത് തിയേറ്ററിൽ സിനിമ കാണാൻ പോവുക എന്നൊരു സിനിമാ സംസ്കാരം രൂപപ്പെടുത്തിയെടുത്തതിൽ ജനപ്രിയ സിനിമകൾക്കുള്ള പങ്ക് വളരെ വലുതാണ്.
സിനിമ ഒരുപാട് പേർക്ക് ഉപജീവന മാർഗമാണ്. അതുകൊണ്ട് തന്നെയാണ് സിനിമയിൽ ആളുകൾ കാശ് ഇറക്കുന്നതും ഒരു ബിസിനസായി സിനിമയെ കാണുന്നതും. മലയാള സിനിമയിൽ അത്തരത്തിൽ ഈ അടുത്ത കാലത്ത് ഏറ്റവും കൂടുതൽ ചർച്ചകളിൽ ഇടം പിടിച്ച രണ്ട് പേരുകളാണ് സോഫിയ പോളും വീക്കന്റ് ബ്ലോക്ക്ബസ്റ്റേഴ്സും. പത്ത് വർഷം, ആറ് സിനിമകൾ 300 കോടിയിലേറെ വിറ്റുവരവുകൾ. അതിശയകരമാണ് വീക്കന്റ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ഈ പടയോട്ടം.
ആർ. ഡി. എക്സിന്റെ വൻ വിജയത്തിന് ശേഷം ആന്റണി വർഗീസ് തന്നെ നായകനായി നവാഗതനായ അജിത്ത് മാമ്പള്ളി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് വീക്കന്റ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ഏഴാമത്തെ നിർമാണ സംരംഭം. പ്രൊഡക്ഷൻ നമ്പർ 7 എന്നാണ് ചിത്രത്തിന് താത്കാലികമായി ടാഗ് കൊടുത്തിരിക്കുന്നത്.
വിക്രം വേദ, കൈതി, ആർഡിഎക്സ് എന്നീ ചിത്രങ്ങളിൽ സംഗീതം നൽകിയ സാം സി. എസ് ആണ് ചിത്രത്തിന് വേണ്ടി സംഗീത സംവിധാനം നിർവഹിക്കുന്നത്. റോയ്ലിന്‍ റോബര്‍ട്ട്, സതീഷ് തോന്നക്കല്‍, അജിത് മാമ്പള്ളി എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.
ഇപ്പോഴിതാ ചിത്രത്തിന് വേണ്ടി 100 അടിയോളം വലിപ്പമുള്ള ബോട്ടിന്റെ വമ്പൻ സെറ്റ് നിർമ്മിച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ. കടലിന്റെ പശ്ചാത്തലത്തിൽ ഒരു റിവഞ്ച്- ആക്ഷൻ ഡ്രാമ ഴോണറിലാണ് ചിത്രമെത്തുന്നത്. പ്രശസ്ത ആക്ഷൻ കൊറിയോഗ്രാഫർ വിക്രം മോറയാണ് ചിത്രത്തിന് വേണ്ടി ആക്ഷൻ രംഗങ്ങൾ ഒരുക്കുന്നത് എന്നതും പ്രതീക്ഷയാണ്. ഷബീർ കല്ലറയ്ക്കൽ, രാജ് ബി ഷെട്ടി തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഈ വർഷം ഓണം റിലീസ് ആയാണ് ചിത്രമെത്തുന്നത്.