ബ്രാഹ്മണ സമുദായത്തിനെതിരെ നടത്തിയ വിവാദ പരാമർശത്തിനെതിരെ വ്യാപകമായ പ്രതിഷേധങ്ങൾ ഉയർന്നതിനെ തുടർന്ന് നടനും സംവിധായകനുമായ അനുരാഗ് കശ്യപ് പരസ്യമായി ക്ഷമാപണം നടത്തി. സാമൂഹിക പരിഷ്കർത്താക്കളായ ജ്യോതിറാവു ഫൂലെ, സാവിത്രി ഭായ് ഫൂലെ എന്നിവരുടെ ജീവിതത്തെയും പ്രവർത്തനങ്ങളെയും കുറിച്ച് വിവരിക്കുന്ന ‘ഫൂലെ’ എന്ന സിനിമയുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന വിവാദങ്ങൾക്കിടയിലാണ് പ്രസ്താവന സോഷ്യൽ മീഡിയയിൽ വൈറലായത്.
ബ്രാഹ്മണരുടെ മേൽ മൂത്രമൊഴിക്കുമെന്ന് പറഞ്ഞ വിവാദ പ്രസ്താവനയ്ക്ക് പിന്നാലെ നടനെതിരെ രൂക്ഷവിമർശനം ഉയർന്നിരുന്നു. ഫൂലെ എന്ന സിനിമയുമായി ബന്ധപ്പെട്ട അനുരാഗിന്റെ പോസ്റ്റിന് താഴെ വന്ന കമന്റിന് മറുപടി നൽകവെയാണ് നടൻ വിവാദങ്ങൾക്ക് തിരികൊളുത്തിയത്.
‘എന്റെ പോസ്റ്റിനല്ല, മറിച്ച് ആ സന്ദർഭത്തിൽ നിന്ന് അടർത്തിമാറ്റിയ ഒരു വരി വെറുപ്പ് വളർത്തിയതിനാണ് ഞാൻ ക്ഷമ ചോദിക്കുന്നത്. നിങ്ങളുടെ മകൾ, കുടുംബം, സുഹൃത്തുക്കൾ എന്നിവർ ബലാത്സംഗത്തിനും വധഭീഷണിക്കും വിധേയരാകുന്നിടത്തോളം വിലമതിക്കുന്നതല്ല ഒരു പ്രസംഗവും.
View this post on Instagram
ഞാൻ പറഞ്ഞ കാര്യങ്ങൾ തിരിച്ചെടുക്കാൻ കഴിയില്ല. അത് തിരിച്ചെടുക്കുകയുമില്ല. പക്ഷേ, നിങ്ങൾക്ക് ആരെയെങ്കിലും അധിക്ഷേപിക്കണമെങ്കിൽ അത് എന്നെയാകാം. എന്റെ കുടുംബം ഇക്കാര്യത്തിൽ ഒന്നും പറഞ്ഞിട്ടില്ല. അതല്ല, നിങ്ങൾക്ക് ഒരു ക്ഷമാപണം ആണ് വേണ്ടതെങ്കിൽ. ഇതാ, എന്റെ ക്ഷമാപണം. ബ്രാഹ്മണരേ, ദയവായി സ്ത്രീകളെ മാറ്റി നിർത്തൂ. ആ മാന്യതയെങ്കിലും വേദങ്ങൾ പഠിപ്പിക്കുന്നു. നിങ്ങൾ ഏതുതരം ബ്രാഹ്മണരാണെന്ന് സ്വയം തീരുമാനിക്കുക. എന്നെ സംബന്ധിച്ച്, ഇതാ എന്റെ ക്ഷമാപണം’ എന്നാണ് അനുരാഗ് ഇൻസ്റ്റഗ്രാം റീലിൽ കുറിച്ചത്.