പ്രണയവും പകയും നിറച്ച് 'കപ്പേള' ട്രെയ്‌ലര്‍; ആശംസകളുമായി ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ്

റോഷന്‍ മാത്യു, അന്ന ബെന്‍, ശ്രീനാഥ് ഭാസി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ദേശീയ പുരസ്‌കാര ജേതാവും നടനുമായ മുഹമ്മദ് മുസ്തഫ ഒരുക്കുന്ന “കപ്പേള”യുടെ ട്രെയ്‌ലര്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗ്. ഇപ്പോഴിതാ കപ്പേളയുടെ ട്രെയ്‌ലര്‍ പങ്കുവച്ച് ആശംസകളുമായി എത്തിയിരിക്കുകയാണ് ബോളിവുഡ് സംവിധായകനും നിര്‍മ്മാതാവുമായ അനുരാഗ് കശ്യപ്.

അതിശയിപ്പിക്കുന്ന നടനും തന്റെ പ്രിയ സുഹൃത്തുമായ റോഷന്‍ മാത്യുവിന്റെ പുതിയ ചിത്രത്തിന് അഭിനന്ദനങ്ങള്‍ അറിയിച്ചാണ് അനുരാഗ് കശ്യപിന്റെ ട്വീറ്റ്. ഇതിനൊപ്പം ട്രെയ്‌ലറും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. അനുരാഗ് കശ്യപ് ഒരുക്കുന്ന പുതിയ ചിത്രത്തില്‍ റോഷന്‍ മാത്യു എത്തുന്നുണ്ട്. പ്രണയവും പകയും നിറച്ച കഥയാണ് കപ്പേള പറയുന്നത് എന്നാണ് ട്രെയിലര്‍ സൂചിപ്പിക്കുന്നത്.

മുസ്തഫയും നിഖില്‍ വാഹിദും സുദാസും ചേര്‍ന്നാണ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം ജിംഷി ഖാലിദ്. സംഗീതം സുഷിന്‍ ശ്യാം. എഡിറ്റിംഗ് നൗഫല്‍ അബ്ദുള്ള. കഥാസ് അണ്‍ടോള്‍ഡിന്റെ ബാനറില്‍ വിഷ്ണു വേണുവാണ് നിര്‍മ്മാണം. സുധി കോപ്പ, തന്‍വി റാം എന്നിവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Read more