ഉഗ്രരൂപത്തിൽ അനുഷ്ക ഷെട്ടി; 'ഘാട്ടി'യുടെ റിലീസ് തീയതി പുറത്ത്!

അനുഷ്‍ക ഷെട്ടി നായികയാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഘാട്ടി’. പ്രശസ്ത സംവിധായകൻ ക്രിഷ് ജാഗർലമുഡിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇരുവരും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ്’ ഘാട്ടി’. ചിത്രത്തിന്റെ റിലീസ് തീയതി ഗ്ലിംപ്സ് വീഡിയോയിലൂടെ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. വളരെ അക്രമാസക്തയായ ഒരു കഥാപാത്രമായാണ് അനുഷ്ക ഷെട്ടി ചിത്രത്തിൽ വേഷമിടുന്നത് എന്നാണ് ​വീഡിയോ സൂചിപ്പിക്കുന്നത്.

രാജീവ് റെഡ്ഡിയും സായ് ബാബു ജാഗർലമുഡിയും ചേർന്ന് നിർമിക്കുന്ന ചിത്രം യുവി ക്രിയേഷൻസ് ആണ് അവതരിപ്പിക്കുന്നത്. ‘വേദം’ എന്ന ചിത്രത്തിന് ശേഷം അനുഷ്കയും കൃഷും ഒന്നിക്കുന്ന ചിത്രം യുവി ക്രിയേഷൻസിന്റെ ബാനറിൽ അനുഷ്ക അഭിനയിക്കുന്ന നാലാമത്തെ ചിത്രം കൂടിയാണ്.

പാൻ-ഇന്ത്യ സെൻസേഷൻ ആയ ബാഹുബലിയ്ക്ക് ശേഷം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന അനുഷ്കയുടെ മറ്റൊരു പാൻ-ഇന്ത്യ ചിത്രമാണിത്. ക്രിഷ്, അനുഷ്ക, ചിത്രത്തിന്റെ നിർമ്മാതാക്കൾ എന്നിവർ ഒത്തുചേർന്ന ഒരു രസകരമായ വീഡിയോയിലൂടെയാണ് ചിത്രത്തിന്റെ റിലീസ് തീയതി പുറത്ത് വിട്ടത്.

ചിത്രത്തിൻ്റെ റിലീസ് ഡേറ്റ് പോസ്റ്ററിൽ സാരിയണിഞ്ഞ ഉഗ്രരൂപത്തിലാണ് അനുഷ്ക പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ‘വിക്ടിം, ക്രിമിനൽ, ലെജൻഡ്’ എന്നാണ് പോസ്റ്ററിൽ ഉപയോഗിച്ചിരിക്കുന്ന ടാഗ്‌ലൈൻ. ഒരു വമ്പൻ ആക്ഷൻ ത്രില്ലറായി ആണ് ഒരുക്കുന്നതെന്നാണ് സൂചന.