ഭാഗ്യാന്വേഷികളെ എപ്പോഴും ജീവിതാനുഭവമുള്ളവര്‍ ഉപദേശിക്കാറുള്ളത് അറിയാവുന്ന തൊഴിലെടുത്ത് ജീവിക്കൂ, ജീവിതം കൈവിട്ടുകളയരുത് എന്നാണ്. എങ്കിലും ആവര്‍ത്തിച്ചുകൊണ്ടേ ഇരിക്കുന്ന ദിനചക്രങ്ങള്‍ വിരസമാകുമ്പോള്‍ കൂടുതല്‍ മെച്ചപ്പെട്ട ജീവിതംതേടുന്ന ഏതൊരാളും എപ്പോഴെങ്കിലുമൊക്കെ കൈവിട്ട കളികള്‍ കളിക്കാറുണ്ട്. സാധാരണ ഓട്ടോമൊബൈല്‍ മെക്കാനിക്കായ ജയകൃഷ്ണന്‍ (ഉണ്ണി മുകുന്ദന്‍) ഒരു ധനികനാകണമെന്ന മോഹം കൊണ്ടുനടക്കുന്ന ഒരാളേയല്ല. പരിമിതമായ ചുറ്റുപാടില്‍ കുടുംബത്തിനായി അദ്ധ്വാനിക്കുന്നതില്‍ തൃപ്തിയും സന്തോഷവും നന്‍മയുമെല്ലാമുള്ള സാധാരണക്കാരനാണ്. പ്രതിശ്രുതവധുവായ രേണുക (അഞ്ജു കുര്യന്‍) ജയകൃഷ്ണനുവേണ്ടി സര്‍ക്കാര്‍ ജോലികള്‍ക്ക് അപേക്ഷിക്കുമ്പോഴും ഇപ്പോഴത്തെപ്പോലെതന്നെ മേലനങ്ങി പണിതു ജീവിക്കുന്നതുതന്നെയാണ് തനിക്കിഷ്ടം എന്ന് അയാള്‍ വ്യക്തമാക്കുന്നുമുണ്ട്.
കുടുംബസ്വത്തായി കിട്ടിയ കച്ചവടസ്ഥാപനത്തില്‍നിന്നുമുള്ള വരുമാനംകൊണ്ടു മദ്യപിച്ച് വലിയ സ്വപ്നങ്ങള്‍ കണ്ടുനടക്കുന്ന വര്‍ക്കി (സൈജു കുറുപ്പ്) എന്ന സുഹൃത്തിന്റെ ഏറ്റവുംവലിയ വിമര്‍ശകനായ ജയകൃഷ്ണന്‍തന്നെ ഒരു ഭൂമിയിടപാടുമായി ബന്ധപ്പെട്ട് അയാളുടെ പ്രലോഭനത്തില്‍ വീണുപോകുന്നു. പിന്നീടതില്‍നിന്നും പിന്‍തിരിയാന്‍ പലവട്ടം ശ്രമിച്ചിട്ടും ജയകൃഷ്ണന് കഴിയുന്നില്ല എന്നുമാത്രമല്ല കുരുക്കുകള്‍ക്കുമേല്‍ കുരുക്കുകള്‍ വീണുകൊണ്ടേ ഇരിക്കുന്നു. പിന്നീട് നടക്കുന്നതെല്ലാം ഏതൊരു സാധാരണക്കാരനും സംഭവിക്കാവുന്ന കാര്യങ്ങളാണ്.
ഭൂമിയിടപാട് എത്രയേറെ സങ്കീര്‍ണ്ണതകളുള്ളതാണെന്ന് ഒരിക്കലെങ്കിലും അതില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ക്കറിയാം. കടമ്പകള്‍ ഏറെ കടക്കേണ്ടതുള്ള സാങ്കേതികള്‍ക്കു പുറമേ നാട്ടിന്‍പുറത്തിന്റെ നന്മയുള്ള ഒരു സാധാരണ മെക്കാനിക് അയാളുടെ ധാര്‍മ്മികബോധം കൈവിടാന്‍ തയ്യാറാകാതിരിക്കുമ്പോള്‍ കടന്നുപോകേണ്ടിവരുന്ന അഗ്നിപരീക്ഷകളാണ് മേപ്പടിയാന്‍. മാസ്സ് വേഷങ്ങളിൽ നിറഞ്ഞുനിന്നിരുന്ന ഉണ്ണി മുകുന്ദന്റെ ഭാവനടനിലേക്കുള്ള ഒരു പരിണാമം ദൃശ്യമാണ് പല രംഗങ്ങളിലും.
വിഷമവൃത്തങ്ങളിൽ പ്രത്യക്ഷപ്പെടുന്ന ചിലയാളുകൾ പലപ്പോഴും നമുക്ക് സഹായമാകാറുണ്ട്. അങ്ങനെ ഒരു ലോക്കൽ രാഷ്ട്രീയ നേതാവാണ് തടത്തിൽ സേവ്യർ. എന്നാൽ സമയം വളരെ വിലപിടിച്ചതാണെന്നും അതിന് പ്രതിഫലമില്ലാതെ ആരും ആർക്കും ഒന്നും ചെയ്തുകൊടുക്കില്ല എന്നും ബോധ്യപ്പെടുത്തി തരുന്ന സേവ്യറിന്റെ വേഷം അജു വർഗ്ഗീസ് മികച്ചതാക്കി.
ഒരു സിനിമയില്‍പ്പോലും മുമ്പ് വര്‍ക്ക് ചെയ്തിട്ടില്ലാത്തയാളാണ് സംവിധായകനായ വിഷ്ണു എന്നു വിശ്വസിക്കാന്‍ വളരെ പ്രയാസം തോന്നും ഓരോ ഫ്രെയിമിലും. വിഷ്ണുതന്നെ കഥയും തിരക്കഥയും സംഭാഷണവും രചിച്ച മേപ്പടിയാന് ഒരു നിമിഷം പോലും വിരസത തോന്നിപ്പിക്കാത്ത സ്‌ക്രിപ്റ്റും മെയ്ക്കിംഗും മുതല്‍ക്കൂട്ടാണ്. ജീവന്‍ കൈയിലെടുത്തുവെച്ചുകൊണ്ടുള്ള ജയകൃഷ്ണന്റെ പരക്കം പാച്ചിലിന്റെ പിരിമുറുക്കമുള്ള സീനുകള്‍ പലപ്പോഴും പ്രേക്ഷകരുടെ ശ്വാസതാളം തെറ്റിക്കുന്നു. അപ്രതീക്ഷിത ട്വിസ്റ്റുകള്‍ തന്‍മയത്വമുള്ളതും നമ്മുടെ ജീവിതത്തിലെല്ലാം സംഭവിക്കാവുന്നതുമാണ്.
പ്രധാന താരങ്ങളെ കൂടാതെ വിജയരാഘവന്‍, ഇന്ദ്രന്‍സ്, കോട്ടയം രമേശ്, ശങ്കര്‍ രാമകൃഷ്ണന്‍, കലാഭവന്‍ ഷാജോണ്‍, മേജര്‍ രവി, പോളി വല്‍സന്‍, ആര്യ, കുണ്ടറ ജോണി, നിഷ സാരംഗ്, ശ്രീജിത്ത് രവി തുടങ്ങി പരിചയസമ്പന്നരുടെ ഒരു നിരതന്നെ അണിനിരക്കുന്ന മേപ്പടിയാനില്‍ രാഹുല്‍ സുബ്രഹ്‌മണ്യന്റെ ക്യാമറയും നീല്‍ ഡിക്കൂനയുടെ ക്യാമറയും മികച്ചു നില്‍ക്കുന്നുണ്ട്.
ഒരു പരിചയവുമില്ലാതെ പോയി കഥ പറയുമ്പോള്‍ നിര്‍മ്മാണവുംകൂടി ഏറ്റെടുക്കാന്‍ ഉണ്ണി മുകുന്ദന്‍ തയ്യാറായതിനുപിന്നില്‍ ഇതിലെ കഥയുടെ മേന്‍മയാണെന്ന് നിസ്സംശയം പറയാം. കോവിഡ് കാലഘട്ടത്തില്‍ വൈകിപ്പോയ ചിത്രീകരണത്തിനുശേഷം തീയറ്ററുകളിലെത്തുന്ന ചിത്രം പ്രേക്ഷകര്‍ സ്വീകരിക്കും എന്നതില്‍ സംശയമില്ല.