തമിഴ് നടന്‍ മോഹന്‍ തെരുവില്‍ മരിച്ചനിലയില്‍; സിനിമകള്‍ ഇല്ലാതിരുന്ന താരം ജീവിച്ചത് ഭിക്ഷാടനം നടത്തി

കമല്‍ഹാസന്‍ ചിത്രം ‘അപൂര്‍വ്വ സഹോദങ്ങളി’ലൂടെ ശ്രദ്ധേയനായ നടന്‍ മോഹന്‍ തെരുവില്‍ മരിച്ചനിലയില്‍. തമിഴ്നാട്ടിലെ മധുരയിലെ തിരുപ്പരന്‍കുണ്ഡം പ്രദേശത്തെ തെരുവിലാണ് മോഹനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അറുപതുകാരനായ നടന്‍ കുറച്ചുകാലമായി കടുത്ത ദാരിദ്ര്യത്തിലായിരുന്നു.

സിനിമകള്‍ ഇല്ലാത്തതിനാല്‍ ഭിക്ഷാടനം നടത്തിയാണ് ഉപജീവനം നയിച്ചിരുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. 1980 കളിലെയും 1990 കളിലെയും സിനിമകളിലെ ഹാസ്യ സഹകഥാപാത്രങ്ങള്‍ക്ക് പേരുകേട്ട നടനായിരുന്നു മോഹന്‍.

1989ല്‍ പുറത്തിറങ്ങിയ ‘അപൂര്‍വ സഹോദരങ്ങള്‍’ എന്ന കമല്‍ഹാസന്‍ ചിത്രത്തില്‍ ഇരട്ട കഥാപാത്രങ്ങളില്‍ ഒരാളായ അപ്പുവിന്റെ ഉറ്റ സുഹൃത്തിനെയാണ് മോഹന്‍ അവതരിപ്പിച്ചത്. അതിന് ശേഷം, ആര്യയെ നായകനാക്കി അത്ഭുത മനിതര്‍കള്‍, ബാലയുടെ നാന്‍ കടവുള്‍ എന്നീ ചിത്രങ്ങളിലും ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തിരുന്നു.

10 വര്‍ഷം മുമ്പ് ഭാര്യ മരിച്ചു. അതിനുശേഷം ഭിക്ഷാടനം നടത്തിയാണ് ഉപജീവനം നടത്തിയത്. സിനിമ ലഭിക്കാതായതോടെ ജന്മനാട്ടില്‍ നിന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് തിരുപ്പരന്‍കുണ്ഡത്തേക്ക് നടന്‍ താമസം മാറ്റിയിരുന്നു. ജൂലായ് 31-ന് ഇദ്ദേഹത്തെ റോഡില്‍ മരിച്ച നിലയില്‍ കണ്ട നാട്ടുകാര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.

താരത്തെ തിരിച്ചറിയാന്‍ പറ്റാത്ത വിധം രൂപമാറ്റം വന്ന അവസ്ഥയിലായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. പൊലീസ് മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മധുര സര്‍ക്കാര്‍ ആശുപത്രിയിലേക്ക് അയച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മരിച്ചത് നടന്‍ മോഹനാണെന്ന് കണ്ടെത്തിയത്.