അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട മര്‍ദ്ദനത്തെ തുടര്‍ന്ന് കൊല്ലപ്പെട്ട മധുവിന്റെ കഥ പറയുന്ന ‘ആദിവാസി’ ചിത്രത്തിന്റെ ടീസര്‍ ചര്‍ച്ചയാകുന്നു. ശരത് അപ്പാനി ആണ് മധുവായി വേഷമിടുന്നത്. വിജീഷ് മണിയാണ് ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത്.
ഏറെ വേദനിപ്പിക്കുന്ന ദൃശ്യം ഉള്‍ക്കൊള്ളിച്ചുള്ളതാണ് 30 സെക്കന്‍ഡില്‍ താഴെയുള്ള ടീസര്‍. മധുവിന്റെ ദയനീയ മുഖമാണ് ടീസറില്‍ കാണാനാവുക. അമ്പരപ്പിക്കുന്ന വേഷപ്പകര്‍ച്ചയിലാണ് അപ്പാനി ശരത്തിനെ സിനിമയില്‍ അവതരിപ്പിച്ചിരിക്കുന്നത്.
ഏരീസ് ഗ്രൂപ്പിന്റെ ബാനറില്‍ കവിയും ഹോളിവുഡ് സംവിധായകനുമായ ഡോ. സോഹന്‍ റോയ് ആണ് നിര്‍മാണം. പി മുരുഗേശ്വരന്‍ ഛായാഗ്രാഹണം നിര്‍വ്വഹിക്കുന്നു. എഡിറ്റിംഗ് ബി. ലെനിന്‍. അതേസമയം, മധുവിന്റെ കുടുംബത്തിന് കേസ് നടത്താനുള്ള എല്ലാം സഹായവും മമ്മൂട്ടി വാഗ്ദാനം ചെയ്തിരിക്കുകയാണ്.
മധുവിനെ അനുജന്‍ എന്ന് വിളിച്ചു കൊണ്ടുള്ള മമ്മൂട്ടിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റും ശ്രദ്ധ നേടിയിരുന്നു. ആള്‍ക്കൂട്ടത്തിന് നീതിപാലനത്തിന്റെ അമിതാധികാരങ്ങളും ശിക്ഷാവിധിയുടെ മുള്‍വടികളും കല്പിച്ചു കൊടുത്ത നമ്മുടെ വ്യവസ്ഥിതിക്ക് കൂടി മധുവിന്റെ മരണത്തിന് ഉത്തരവാദിത്തമുണ്ട്.
മനുഷ്യന്‍ മനുഷ്യനെത്തന്നെ ആക്രമിക്കുന്നത് എന്തിന്റെ പേരിലായാലും മനുഷ്യന്‍ എന്ന നിലയില്‍ അംഗീകരിക്കാനാവില്ല. വിശപ്പിന്റെയും വിചാരണയുടെയും കറുത്ത ലോകത്തു നിന്നു കൊണ്ട് നമ്മള്‍ എങ്ങനെയാണ് പരിഷ്‌കൃതരെന്ന് സ്വയം പ്രഖ്യാപിക്കുന്നത്? മധു… മാപ്പ്… എന്ന് മമ്മൂട്ടി പറഞ്ഞു.