ആടുജീവിതത്തിലൂടെ റഹമാന്‍ വീണ്ടും മലയാളത്തിലേക്ക്; ഗാനം ആലപിച്ച് വിജയ് യേശുദാസ്

മലയാള സിനിമ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ആടുജീവിതം. പൃഥ്വിരാജ് നായകനാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ബ്ലെസിയാണ്. ചിത്രത്തിനായി ഗാനങ്ങള്‍ ഒരുക്കുന്നത് എ.ആര്‍ റഹമാനാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. അങ്ങനെയെങ്കില്‍ മലയാള സിനിമയിലേക്ക് അരനൂറ്റാണ്ടിനു ശേഷമുള്ള റഹമാന്റെ മടങ്ങിവരവയിരിക്കും ഇത്.

ആദ്യ ഗാനത്തിന്റെ റെക്കോര്‍ഡിംഗ് കഴിഞ്ഞു എന്നാണ് ലഭിക്കുന്ന സൂചന. വിജയ് യേശുദാസ് ആണ് ഗാനം ആലപിച്ചിരിക്കുന്നത്. ബെന്യാമിന്റെ നോവലിനോട് പൂര്‍ണമായും നീതി പാലിക്കുന്ന ചിത്രമായിരിക്കും ആടുജീവിതമെന്ന് സംവിധായകന്‍ ബ്ലെസി പറഞ്ഞു. ബിഗ് ബജറ്റ് ചിത്രമായ ആടുജീവിതത്തില്‍ അമലാ പോളാണ് നായിക. നജീബിന്റെ ഭാര്യ സൈനുവായാണ് അമല എത്തുന്നത്. വിനീത് ശ്രീനിവാസന്‍, അപര്‍ണാ ബാലമുരളി, സന്തോഷ് കീഴാറ്റൂര്‍, ലെന തുടങ്ങിയവരും ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

കെ.ജി.എ ഫിലിംസിന്റെ ബാനറില്‍ കെ.ജി അബ്രഹാമാണ് ചിത്രം നിര്‍മ്മിക്കുന്നത്. കുട്ടനാടും, ജോര്‍ദാനും, ഈജിപ്തുമാണ് ചിത്രത്തിന്റ പ്രധാന ലൊക്കേഷനുകള്‍. ചിത്രത്തിന്റെ മൂന്നാം ഷെഡ്യൂള്‍ മാര്‍ച്ചില്‍ ആരംഭിക്കും. രണ്ടാം ഷെഡ്യൂള്‍ ഷൂട്ട് ചെയ്ത ജോര്‍ദാനില്‍ തന്നെയാണ് മൂന്നാം ഷെഡ്യൂളും ഒരുക്കുന്നത്.