25 വര്‍ഷത്തെ ഇടവേളക്ക് ശേഷം എ ആര്‍ റഹ്മാന്‍ വീണ്ടും മലയാളത്തിലേക്ക് ; തിരിച്ച് വരവ് പൃഥ്വിരാജിനൊപ്പം

25 വര്‍ഷത്തെ ഇടവേളക്ക് ശേഷം ഓസ്‌കര്‍ അവാര്‍ഡ് ജേതാവ് എ.ആര്‍ റഹ്മാന്‍ മലയാളസിനിമയിലേക്ക് തിരിച്ച് വരുന്നു. പൃഥ്വിരാജ് നായകനാകുന്ന ആടുജീവിതത്തിലൂടെയാണ് റഹ്മാന്റെ തിരിച്ച് വരവ്. ബ്ലെസിയാണ് സിനിമ സംവിധാനം ചെയ്യുന്നത്. ദുബായില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ റഹ്മാന്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. നേരത്തേ ഇതുസംബന്ധിച്ച് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ സിനിമയുടെ അണിയറ പ്രവര്‍ത്തകരോ റഹ്മാനോ ഇക്കാര്യം സ്ഥിരീകരിച്ചിരുന്നില്ല.

1992ല്‍ പുറത്തിറങ്ങിയ സംഗീത് ശിവന്റെ യോദ്ധ എന്ന സിനിമയിലൂടെയാണ് എ.ആര്‍ റഹ്മാന്‍ തന്റെ സിനിമാസംഗീത യാത്രയ്ക്ക് തുടക്കം കുറിച്ചത്. പിന്നീട് തെന്നിന്ത്യയിലും ഹിന്ദിയിലുമായി ജൈത്രയാത്ര തുടര്‍ന്ന റഹാമാന്‍ 25 വര്‍ഷത്തിനിടെ ഒരിക്കല്‍ പോലും മലയാളിലേക്ക് മടങ്ങിവന്നില്ല.ഇ്ക്കാര്യം മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോഴാണ് റഹ്മാന്‍ തന്റെ മടങ്ങിവരവ് സ്ഥിരീകരിച്ചത്. മലയാളമാണ് തനിക്ക് സിനിമാസംഗീതത്തിലേക്ക് വഴി കാണിച്ചതെന്നും അതിനാല്‍ തിരിച്ച് വരവുണ്ടാകുമെന്നും റഹ്മാന്‍ കൂട്ടിച്ചേര്‍ത്തു.

Read more

റഹ്മാന്‍ സംഗീതത്തിന്റെ ഇരുപത്തിയഞ്ചാം വാര്‍ഷികം ആഘോഷിക്കുന്നതിന് ദുബായില്‍ ഈ മാസം 26ന് ജേര്‍ണി എന്ന പേരില്‍ സംഗീതമേളയൊരുക്കും. ദുബായ് ബോളിവുഡ് പാര്‍ക്കില്‍ 300 അടി വലിപ്പമുള്ള കൂറ്റന്‍ സ്റ്റേജില്‍ ബ്രദേഴ്‌സ് ഇന്‍ കോര്‍പറേറ്റഡാണ് സംഗീതമേളയൊരുക്കുന്നത്. തമിഴിലെ യുവനടന്‍ ശിവകാര്‍ത്തികേയന്റെ സിനിമയാണ് റഹ്മാന്‍ അടുത്തതായി സംഗീതം ചെയ്യാനൊരുങ്ങുന്നത്.