ടൊവിനോ തോമസ് ചിത്രം ‘അജയന്റെ രണ്ടാം മോഷണ’ത്തിന്റെ വ്യാജ പതിപ്പ് പ്രചരിപ്പിച്ച കേസില്‍ രണ്ടുപേര്‍ പിടിയില്‍. തമിഴ് റോക്കേഴ്സ് അംഗങ്ങളായ പ്രതികളെ ബെംഗളൂരൂവില്‍ നിന്നാണ് പിടികൂടിയത്. പ്രതികളെ കാക്കനാട് സൈബര്‍ പോലീസ് സ്റ്റേഷനില്‍ എത്തിച്ചു.
തമിഴ്നാട് സ്വദേശികളായ പ്രവീണ്‍ കുമാറും കുമരേശനുമാണ് പിടിയിലായത്. വ്യാജപതിപ്പ് ഷൂട്ട് ചെയ്തത് കോയമ്പത്തൂരിലെ തിയേറ്ററില്‍ നിന്നാണെന്ന് സൈബര്‍ പൊലീസ് കണ്ടെത്തിയിരുന്നു. ഇതിന് പിന്നില്‍ തമിഴ് റോക്കേഴ്സ് സംഘത്തില്‍പ്പെട്ടവരാണെന്നും വ്യക്തമായി.
പിടിയിലാകുന്ന സമയത്ത് പ്രതികളുടെ പക്കല്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ രജനികാന്തിന്റെ ‘വേട്ടയ്യന്‍’ ചിത്രത്തിന്റെ വ്യാജപതിപ്പും ഉണ്ടായിരുന്നു. കേസില്‍ വേറെയും പ്രതികളുണ്ട് എന്നാണ് സൂചന. ചിത്രം പ്രചരിപ്പിച്ച വെബ്സൈറ്റ് കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പ്രതികളിലേക്ക് എത്തിച്ചത്.
അജയന്റെ രണ്ടാം മോഷണത്തിന്റെ സംവിധായകന്‍ ജിതിന്‍ ലാലിന്റെയും നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്റെയും പരാതിയിലാണ് നടപടി. റിലീസ് ചെയ്ത് രണ്ടാം ദിവസമാണ് എആര്‍എം വ്യാജപതിപ്പ് ടെലഗ്രാമില്‍ എത്തിയത്. ട്രെയ്ന്‍ യാത്രയ്ക്കിടെ ഒരാള്‍ മൊബൈല്‍ ഫോണില്‍ സിനിമ കാണുന്ന ദൃശ്യം പുറത്തുവന്നിരുന്നു.