രോമാഞ്ചം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ജിതു മാധവൻ സംവിധാനം ചെയ്ത് ഫഹദ് ഫാസിൽ നായകനായെത്തിയ ‘ആവേശം’ മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ മുന്നേറുകയാണ്. ഫഹദിന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രം കൂടിയാണ് ആവേശത്തിലെ രംഗ.
തന്റെ രണ്ടാമത്തെ ചിത്രത്തിലൂടെ മലയാളത്തിൽ മറ്റൊരു നൂറ് കോടി നേട്ടം കൂടി കൈവരിച്ചിരിക്കുകയാണ് ജിതു മാധവൻ. ഇപ്പോഴിതാ ചിത്രത്തിലെ മറ്റൊരു ഗാനം പുറത്തുവന്നിരിക്കുകയാണ്. സുഷിൻ ശ്യാം സംഗീതം നിർവഹിച്ച് പ്രണവം ശശി ആലപിച്ച ‘അർമാദം’ എന്നുതുടങ്ങുന്ന ഗാനമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. വിനായക് ശശികുമാർ ആണ് ഗാനത്തിന് വരികളെഴുതിയിരിക്കുന്നത്.
അതേസമയം റിലീസ് ചെയ്ത് പതിമൂന്ന് ദിവസങ്ങൾ കൊണ്ടാണ് ആവേശം 100 കോടി ക്ലബ്ബിലെത്തിയത്. ഓപ്പണിംഗ് ദിനത്തില്‍ ആഗോളതലത്തില്‍ 10 കോടിക്ക് മുകളില്‍ നേടിയ ചിത്രം കേരളത്തില്‍ മാത്രം 4 കോടിക്ക് അടുത്ത് കളക്ഷന്‍ നേടിയിരുന്നു.
തുടര്‍ന്നുള്ള ദിവസങ്ങളില്‍ എല്ലാം 3 കോടിക്ക് മുകളില്‍ കളക്ഷന്‍ ചിത്രം കേരളത്തില്‍ നിന്നും നേടിയിട്ടുണ്ട്. ‘മഞ്ഞുമ്മല്‍ ബോയ്‌സ്’, ‘ആടുജീവിതം’, ‘പ്രേമലു’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഈ വര്‍ഷം 100 കോടി ക്ലബ്ബില്‍ എത്തുന്ന നാലാമത്തെ ചിത്രമാണ് ആവേശം. ഫഹദിന്റെ ആദ്യ നൂറ് കോടി ചിത്രം കൂടിയാണിത്.
ബംഗളുരുവിലെ ഒരു കോളേജ് പശ്ചാത്തലത്തിലുള്ള 3 മലയാളി വിദ്യാർത്ഥികളുടെ കഥയും ശേഷം അവർ നേരിടുന്ന ചില പ്രശ്നങ്ങൾക്ക് രംഗ എന്ന ലോക്കൽ ഗുണ്ടാ നേതാവിന്റെ സഹായം തേടുന്നതും തുടർന്നുള്ള രസകരമായ സംഭവ വികാസങ്ങൾ ബ്ലാക്ക് ഹ്യൂമറിന്റെയും ഗ്യാങ്ങ്സ്റ്റർ സ്പൂഫിന്റെയും പശ്ചാത്തലത്തിൽ പറയുന്നതുമാണ് ആവേശത്തിന്റെ പ്രമേയം.
അൻവർ റഷീദ് എന്റർടൈൻമെന്റ്സ്, ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സിന്റെ ബാനറിൽ അൻവർ റഷീദ്, നസ്രിയ നസിം എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ജിതു മാധവൻ തന്നെയാണ് ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത്.
മൻസൂർ അലി ഖാൻ, ആശിഷ് വിദ്യാർഥി, സജിൻ ഗോപു, പ്രണവ് രാജ്, ഹിപ്സ്റ്റർ, മിഥുൻ ജെ.എസ്, റോഷൻ ഷാനവാസ്, ശ്രീജിത്ത് നായർ, പൂജ മോഹൻരാജ്, നീരജ രാജേന്ദ്രൻ, തങ്കം മോഹൻ എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കൾ.