മലയാള സിനിമയിൽ അപ്രതീക്ഷിതമായി ചില സിനിമകൾ 50 കോടി ക്ലബ്ബും 100 കോടി ക്ലബ്ബും കടന്ന് മുന്നേറികൊണ്ടിരിക്കുകയാണ്. എന്നാൽ ഒരു ഭാഗത്ത് കഴിഞ്ഞ രണ്ട് മാസങ്ങളിലായി ബോക്സ്ഓഫീസിൽ തകർന്നടിഞ്ഞത് 76 ഓളം ചിത്രങ്ങളാണ്. ഈ വർഷം റിലീസ് ചെയ്തതിൽ വിതരണക്കാർക്കും തിയേറ്റർ ഉടമകൾക്കും ലാഭമുണ്ടാക്കി കൊടുത്തത് നവാഗതനായ ജിത്തു മാധവൻ സംവിധാനം ചെയ്ത ‘രോമാഞ്ചം’ മാത്രമാണ് എന്ന് വേണം പറയാൻ. ബോളിവുഡ് ചിത്രം പഠാന്‍, റീ റിലീസ് ചിത്രമായ സ്പടികം എന്നിവ ബോക്സ് ഓഫീസിന് ആശ്വാസമാണ്. എന്നാൽ ചെറുതും വലുതുമായ 76 ഓളം ചിത്രങ്ങളാണ് മങ്ങിയ പ്രകടനം കാഴ്ച വച്ചത്.
അന്യഭാഷകളിൽ നിന്നെത്തിയ പൊങ്കൽ ചിത്രങ്ങൾ വലിയ പ്രതീക്ഷകൾ നൽകിയിരുന്നുവെങ്കിലും കാര്യമായ വിജയം കൈവരിക്കാൻ സാധിച്ചില്ല. വിജയ് ചിത്രങ്ങൾ ബോക്സ് ഓഫീസിൽ ആദ്യ ദിവസങ്ങളിൽ സൃഷ്ടിക്കാറുള്ള തരംഗം വാരിസ് തിയറ്ററുകളിൽ എത്തിയപ്പോൾ കാണാൻ സാധിച്ചില്ല. പ്രതീക്ഷകളോടെ കാത്തിരുന്ന തിയേറ്റർ ഉടമകളെ വാരിസ് നിരാശരാക്കി. അജിത്തിന്റെ തുനിവും കാര്യമായ ചലനം ഉണ്ടാക്കിയില്ല. ഒരു ആവറേജ് ഹിറ്റ് ചിത്രമായാണ് തുനിവിനേയും പ്രേക്ഷകർ കണ്ടത്. സൂപ്പർതാരങ്ങളുടേതായി മോഹൻലാലിന്റെ എലോണും റീ റിലീസ് ചിത്രമായ സ്പടികവും മമ്മൂട്ടിയുടെ ക്രിസ്റ്റഫറും നൻ പകൽ നേരത്ത് മയക്കവുമാണ് തിയറ്ററുകളിൽ എത്തിയത്. മലയാള സിനിമയിലെ എക്കാലത്തെയും ഹിറ്റ് ചിത്രമായ സ്പടികത്തിന്റെ റീ റിലീസ് ബോക്സ് ഓഫീസിൽ മിന്നുന്ന പ്രകടനമാണ് കാഴ്ചവച്ചത്. എന്നാൽ എലോൺ സമീപകാലത്ത് പുറത്തിറങ്ങിയ മോഹൻലാൽ ചിത്രങ്ങളിൽ വെച്ച് കനത്ത പരാജയം ഏറ്റുവാങ്ങി.
രാജ്യാന്തര ചലച്ചിത്രമേളകളിലെ വലിയ തിരക്കുകൾ കൊണ്ടും നിരൂപക പ്രശംസകൊണ്ടും ശ്രദ്ധേയമായ ചിത്രമായിരുന്നു മമ്മൂട്ടിയുടെ നൻ പകൽ നേരത്ത് മയക്കം. ചിത്രത്തിന് ചലച്ചിത്രമേളകളിൽ മികച്ച പ്രേക്ഷക പ്രതികരണങ്ങൾ ലഭിച്ചെങ്കിലും തിയേറ്ററുകളിൽ വലിയ ഓളം സൃഷ്ടിക്കുവാൻ കഴിഞ്ഞില്ല. ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രമായ ക്രിസ്റ്റഫർ പത്തു കോടിക്ക് മുകളിൽ ബോക്സ് ഓഫീസിൽ കളക്ഷൻ നേടി നിലവിൽ പ്രദർശനം തുടരുകയാണ്.
ജനുവരിയിൽ റിലീസ് ചെയ്ത മഞ്ജു വാര്യരുടെ ആയിഷ, ആന്റണി വർഗീസിന്റെ പൂവൻ, ബിജു മേനോൻ, വിനീത് ശ്രീനിവാസൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തിയ തങ്കവും കാര്യമായ വിജയം നേടാൻ സാധിച്ചില്ല. ആണ് സിതാരയുടെ സന്തോഷം, അർജുൻ അശോകനും മമിത ബൈജുവും എത്തുന്ന പ്രണയ വിലാസം, ഭാവനയുടെ ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്, പാതിരാക്കാറ്റ്, പള്ളിമണി, ബൂമറാംഗ്, ഏകന്‍, ഡിവോഴ്‌സ്, അനിഖയുടെയും മേൽവിന്റെയും ഓഹ് മൈ ഡാർലിംഗ്, ഒരണ എന്നീ സിനിമകൾ ഫെബ്രുവരി നാലാം ആഴ്ച പുറത്തിറക്കിയെങ്കിലും ചിലത് തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടിയെങ്കിലും മറ്റ് സിനിമകൾ ഒന്നും കാര്യമായി വിജയം കണ്ടില്ല.
Read more
എന്നാൽ മോളിവുഡിൽ വലിയ ചലനം സൃഷ്ടിച്ചിരിക്കുകയാണ് രോമാഞ്ചം. ഫെബ്രുവരി മൂന്നിന് റിലീസ് ചെയ്ത ചിത്രം ഇപ്പോഴും തിയേറ്ററുകളിൽ തകർത്ത് മുന്നേറുകയാണ്. ഇപ്പോഴിതാ 50 കോടി ക്ലബിൽ ഇടം പിടിച്ചിരിക്കുകയാണ് ചിത്രം. 2 കോടി രൂപ ബജറ്റിൽ ഒരുങ്ങിയ ചിത്രം ഇതിനോടകം കേരളത്തിൽ നിന്ന് നേടിയത് 36 കോടിയാണ്. 18 കോടി രൂപയാണ് വിദേശത്ത് നിന്ന് ലഭിച്ച കളക്ഷൻ. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് മൂന്ന് കോടി രൂപയും ചിത്രം സ്വന്തമാക്കിയിട്ടുണ്ട്. സൗബിന്‍ ഷാഹിര്‍, അര്‍ജുന്‍ അശോകന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗത സംവിധായകൻ ജിത്തു മാധവന്‍ രചനയും സംവിധാനവും ചെയ്ത ഹൊറർ കോമഡി ത്രില്ലറാണ് ചിത്രം. പ്രതീക്ഷയോടെ കാത്തിരുന്ന പല ചിത്രങ്ങളും പരാജയപ്പെട്ടതോടെ അണിയറയിൽ ഒരുങ്ങുന്ന ബിഗ് ബഡ്ജറ്റ് ചിത്രങ്ങളിൽ പ്രതീക്ഷയർപ്പിച്ച് കാത്തിരിക്കുകയാണ് സിനിമാപ്രേമികൾ.