ഹൈബ്രിഡ് കഞ്ചാവുമായി അറസ്റ്റിലായ സംവിധായകർ ഖാലിദ് റഹ്മാനും അഷ്‌റഫ് ഹംസയ്ക്കും എതിരെ നടപടിയുണ്ടാകുമെന്ന് ഫെഫ്ക. ഖാലിദ് റഹ്മാനെയും അഷ്റഫ് ഹംസയെ സസ്പെൻഡ് ചെയ്യുമെന്ന് ഫെഫ്ക പ്രസിഡന്റ് സിബി മലയിൽ പ്രതികരിച്ചു. ലഹരിയിൽ വലുപ്പചെറുപ്പമില്ലാതെ നടപടി സ്വീകരിക്കുമെന്നും സിബി മലയിൽ പറഞ്ഞു.
കഴിഞ്ഞമാസം ലഹരിയുമായി പിടികൂടിയ മേക്കപ്പ്മാനെതിരെ നടപടി എടുത്തിരുന്നുവെന്നും സിബി മലയിൽ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു പ്രതികരണം. ഹൈബ്രിഡ് കഞ്ചാവുമായി മൂന്ന് പേരാണ് കൊച്ചിയിൽ അറസ്റ്റിലായത്. സംവിധായകരായ ഖാലിദ് റഹ്‌മാൻ, അഷ്‌റഫ് ഹംസ എന്നിവർക്ക് പുറമെ ഷാലിഫ് മുഹമ്മദ് എന്ന ആളും അറസ്റ്റിലായി. അർധരാത്രി എക്‌സൈസ് നടത്തിയ പരിശോധനയിലാണ് സംവിധായകരെ അടക്കം പിടികൂടിയത്.
1.6 ഗ്രാം ഹൈബ്രിഡ് കഞ്ചാവാണ് ഇവരിൽ നിന്ന് കണ്ടെടുത്തത്. അളവ് കുറവായതിനാൽ അറസ്റ്റിന് ശേഷം ഇവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. ഹൈബ്രിഡ് കഞ്ചാവ് യുവ സംവിധായകർക്ക് കിട്ടിയ വഴി വിശദമായി അന്വേഷിക്കുമെന്ന് എക്സൈസ് വ്യക്തമാക്കി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഫ്ലാറ്റിൽ റെയ്ഡ് നടത്തിയത് എന്നും എറണാകുളം എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് ഇൻസ്‌പെക്ടർ പ്രമോദ് കെപി പറഞ്ഞു.
Read more
ആലപ്പുഴ ജിംഖാന, ഉണ്ട, തല്ലുമാല, അനുരാഗ കരിക്കിൻ വെള്ളം തുടങ്ങിയ സിനിമകളുടെ സംവിധായകനാണ് പിടിയിലായ ഖാലിദ്. തമാശ, ഭീമന്റെ വഴി, സുലൈഖ മൻസിൽ തുടങ്ങിയ സിനിമകളുടെ സംവിധായകനാണ് അഷ്‌റഫ് ഹംസ.