ഒരു കാലത്ത് തമിഴ് സിനിമാ ലോകത്തെ റൊമാന്റിക് ഹീറോയായിരുന്നു അരവിന്ദ് സ്വാമി. മണി രത്നത്തിന്റെ ബോംബൈ, റോജ എന്നെ സിനിമകളിലൂടെ പ്രേക്ഷകരുടെ മനം കവർന്ന പ്രിയ താരം സിനിമയിൽ നിന്നും അപ്രതീക്ഷിതമായി ഒരു ഇടവേളയെടുത്തിരുന്നു. പിന്നീട് തനി ഒരുവൻ എന്ന സിനിമയിലൂടെ പ്രതി നായകനായി വന്ന് തന്റെ തിരിച്ചുവരവും ഗംഭീരമാക്കിയിരുന്നു.
ദളപതി എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച അരവിന്ദ് സ്വാമി, ആ സമയത്ത് ‘മെട്ടിഒലി’ എന്ന സീരിയൽ താരം ഡൽഹി കുമാർ തന്റെ പിതാവാണെന്ന് വെളിപ്പെടുത്തിയിരുന്നു.എന്നാൽ പിന്നീട് അച്ഛനെ കുറിച്ച് യാതൊരു പരാമർശവും എവിടെയും താരം നടത്തിയിരുന്നില്ല.
ഇപ്പോഴിതാ അരവിന്ദ് സ്വാമി തന്റെ മകനാണെന്ന് വെളിപ്പെടുത്തി രംഗത്ത് വന്നിരിക്കുകയാണ് നടൻ ഡൽഹി കുമാർ. ‘മെട്ടിഒലി’ എന്ന സീരിയലിലൂടെ തമിഴ് പ്രേക്ഷകർക്കിടയിൽ പ്രശസ്തനാണ് ഡൽഹി കുമാർ. കൂടാതെ കണ്ണത്തിൽ മുത്തമിട്ടാൽ, ബോയ്സ്, വീരാപ്പ് എന്നീ സിനിമകളിലൂടെ തമിഴ് പ്രേക്ഷകർക്കിടയിൽ പരിചിതനാണ് ഡൽഹി കുമാർ . ബിഹൈന്റ്വുഡ്സ് തമിഴിന് നൽകിയ അഭിമുഖത്തിലാണ് അരവിന്ദ് സ്വാമി തന്റെ മകനാണെന്ന് താരത്തിന്റെ വെളിപ്പെടുത്തൽ.
“ജനിച്ച ഉടനെ തന്റെ സഹോദരി അരവിന്ദ് സ്വാമിയെ ദത്തെടുക്കുകയാണ് ഉണ്ടായത്, പിന്നീട് സ്വാഭാവികമായും അവൻ ആ കുടുംബവുമായി അറ്റാച്ച്ഡ് ആയി, കുടുംബത്തിൽ എന്തെങ്കിലും പരിപാടി ഉണ്ടെങ്കിൽ മാത്രമേ വരാറൊളളൂ, വന്നാലും പെട്ടെന്ന് തന്നെ തിരികെ പോവുകയും ചെയ്യും. അതുകൊണ്ട് തന്നെ ഞങ്ങൾക്കിടയിൽ പിന്നീട് ആ ബന്ധം നിലനിർത്താൻ കഴിഞ്ഞിരുന്നില്ല.” താരം പറഞ്ഞു.
അരവിന്ദ് സ്വാമിയുമായി ഇനിയൊരു സിനിമ ചെയ്യാൻ എതിർപ്പുണ്ടോ എന്ന് ചോദിച്ചപ്പോൾ, എതിർപ്പൊന്നുമില്ല, കഥയും സാഹചര്യവും ഒത്തുവന്നാൽ ചെയ്യും എന്നായിരുന്നു മറുപടി. എന്നാൽ വിക്കിപീഡിയയിൽ അരവിന്ദ് സ്വാമിയുടെ അച്ഛന്റെ പേരിന്റെ സ്ഥാനത്ത് വ്യവസായിയും ചെന്നൈയിലെ പ്രമുഖ കണ്ണാശുപത്രിയുടെ സ്ഥാപകനുമായ വി. ഡി സ്വാമി എന്ന പേരാണുള്ളത്.