അഷ്‌റഫ് താമരശ്ശേരിയുടെ ജീവിതം വെള്ളിത്തിരയിലേയ്ക്ക്, നായകന്‍ മമ്മൂട്ടി?

പ്രവാസി സാമൂഹിക പ്രവര്‍ത്തകന്‍ അഷ്റഫ് താമരശ്ശേരിയുടെ ജീവിതത്തെ അടിസ്ഥാനമാക്കി സിനിമയൊരുങ്ങുന്നു. മമ്മൂട്ടിയായിരിക്കും ചിത്രത്തില്‍ അഷ്റഫിനെ അവതരിപ്പിക്കുകയെന്ന് നടന്‍ ടിനി ടോം മാധ്യമങ്ങളോട് വ്യക്തമാക്കി. പ്രവാസ ലോകത്ത് മരിച്ചവരുടെ മൃതദേഹങ്ങള്‍ നാട്ടിലേയ്ക്കയക്കുന്നതില്‍ സ്്തുത്യര്‍ഹമായ പ്രവര്‍ത്തനം നടത്തുന്ന അഷ്റഫിനെക്കുറിച്ചുള്ള ഈ സിനിമ സംവിധാനം ചെയ്യുന്നത് രഞ്ജിത്താണ്.

ഇത്തരം നന്മ നിറഞ്ഞ മനുഷ്യരുടെ ജീവിതമാണ് വരും തലമുറയ്ക്കായി നമ്മള്‍ പരിചയപ്പെടുത്തേണ്ടതെന്നും സിനിമയുടെ കൂടുതല്‍ വിവരങ്ങള്‍ തനിയ്ക്ക് വെളിപ്പെടുത്താന്‍ സാധിക്കില്ലെന്നും തനിയ്ക്കും കോമഡി ഉത്സവം ഫെയിം സതീഷിനും ഈ സിനിമയുടെ സാക്ഷാത്കാരത്തില്‍ പങ്കുണ്ടാകുമെന്നും നടന്‍ കൂട്ടിചേര്‍ത്തു.

അതേസമയം തന്റെ കഥ സിനിമയാക്കാനുള്ള തീരുമാനത്തെപ്പറ്റി അഷ്റഫിന്റെ വാക്കുകള്‍ ഇങ്ങനെ – എന്റെ പ്രവര്‍ത്തങ്ങള്‍ മറ്റുള്ളവര്‍ക്ക് ആശ്വാസം പകരുന്നു എന്നതാണ് തൃപ്തി. അതില്‍ എന്തെങ്കിലും മൂല്യം കണ്ടതുകൊണ്ടാവാം സിനിമയുണ്ടാക്കാനുള്ള ആഗ്രഹം. 4500ലധികം മൃതദേഹങ്ങള്‍ നാട്ടിലേയ്ക്കയച്ചു. ആരില്‍ നിന്നും ഒരു പ്രതിഫലവും വാങ്ങിയില്ല. ഇനിയും അതു തുടരും.